റിയാദ്: സൗദി അറേബ്യയിലെ മിക്ക മേഖലകളിലും വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു.
വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും അകന്നുനിൽക്കണം. മഴവെള്ളപ്പാച്ചിലുകളിൽ നീന്താനോ ഇറങ്ങാനോ പാടില്ലെന്നും വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
മക്ക മേഖലയിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പൊടിക്കാറ്റിന് കാരണമാകുന്ന ശക്തമായ കാറ്റും അനുഭവപ്പെടാം.
ജിസാൻ, അസീർ, അൽബാഹ, മദീന, ഹായിൽ, ഖസീം, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും സമാന കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
