ന്യൂയോർക്ക്: സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ഹൂതി ആക്രമണങ്ങൾ തുടരുന്നതിലും യമനിലെ താഇസ് മേഖലയ്ക്ക് സമീപം സംഘർഷം രൂക്ഷമാകുന്നതിലും ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഇത്തരം സംഭവങ്ങൾ സാധാരണക്കാർക്ക് വലിയ ദുരിതമുണ്ടാക്കുകയും പ്രാദേശിക സംഘർഷാവസ്ഥ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യാഴാഴ്ച ന്യൂയോർക്കിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, വിമാനത്താവളങ്ങൾ, ഊർജ കേന്ദ്രങ്ങൾ എന്നിവയ്ക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമാകുന്നത് മാനുഷിക ദുരിതങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ആഗോള ഊർജ വിപണിയെയും വിതരണ ശൃംഖലകളെയും സാമ്പത്തിക സംവിധാനങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ലോകമെമ്പാടുമുള്ള ജീവിതച്ചെലവിലെ സമ്മർദം വർധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി.
യമനിൽ സംഘർഷം അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് യുഎൻ മേധാവി ആവശ്യപ്പെട്ടു. പോരാട്ടം അവസാനിപ്പിക്കുക, അന്താരാഷ്ട്ര നിയമം മാനിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്നിവയുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
