ബ്രസൽസ്: സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യമനിലെ നിയമാനുസൃത സർക്കാരിന് പിന്തുണ ആവർത്തിച്ചും യൂറോപ്യൻ പാർലമെന്റ് പ്രമേയം. സൗദിയുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള പിന്തുണയും പാർലമെന്റ് വ്യക്തമാക്കി.
സൗദിക്കെതിരായ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെയും യമനിലെ സൈനിക സംഘർഷം രൂക്ഷമാക്കുന്നതിനെയും ശക്തമായി അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് അംഗീകരിച്ചത്. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. നിരവധി യമൻ പൗരന്മാരുടെ മരണത്തിനും കുടിയൊഴിപ്പിക്കലിനും രാജ്യത്തെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിനും ഇത്തരം ആക്രമണങ്ങൾ കാരണമായതായും വിലയിരുത്തി.
ഹൂതികളെ ഭീകരസംഘടനാ പട്ടികയിൽ ഉൾപ്പെടുത്തണം
ഹൂതികളെ അവരുടെ രാഷ്ട്രീയ, സൈനിക വിഭാഗങ്ങൾ, നേതൃത്വം, സൈനിക-സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ യൂറോപ്യൻ യൂണിയന്റെ ഭീകരസംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ കൗൺസിലിനോട് പ്രമേയം ആവശ്യപ്പെട്ടു.
സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക, ഫണ്ടുകളും സാമ്പത്തിക വിഭവങ്ങളും മരവിപ്പിക്കുക, ഹൂതികളുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ തടയുക തുടങ്ങിയ നടപടികളും പ്രമേയം നിർദേശിച്ചു.
യമനിനകത്തും പുറത്തുമുള്ള എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും ഹൂതികളോട് പാർലമെന്റ് ആവശ്യപ്പെട്ടു.
സൗദിയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും ചെങ്കടലിലും ബാബുൽ മന്ദബ് കടലിടുക്കിലുമുള്ള വാണിജ്യ കപ്പലുകൾക്കും നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചു. യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ സഹകരണം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
