ജിദ്ദ: സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങളിൽ രണ്ടാം സ്ഥാനമാണ് നവംബറിനെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ രേഖകൾ പ്രകാരം നവംബറിൽ രാജ്യത്ത് ശരാശരി 13.29 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്.
1985 മുതൽ 2025 വരെയുള്ള രേഖകൾ പരിശോധിക്കുമ്പോൾ രാജ്യത്തിന്റെ മധ്യപ്രദേശങ്ങളിലും പടിഞ്ഞാറൻ, കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലുമാണ് നവംബറിൽ കൂടുതൽ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
പ്രദേശങ്ങൾ തിരിച്ചുള്ള കണക്കിൽ അൽഖസീമാണ് മുന്നിൽ. ഇവിടെ നവംബറിലെ ശരാശരി മഴ 29.3 മില്ലിമീറ്ററാണ്. ഖൈസൂമയിൽ 27.2 മില്ലിമീറ്ററും ജിദ്ദയിൽ 27.1 മില്ലിമീറ്ററും മക്കയിൽ 25.1 മില്ലിമീറ്ററും തായിഫിൽ 23.1 മില്ലിമീറ്ററും മഴ ലഭിക്കുന്നു.
1985–2025 കാലയളവിൽ രാജ്യത്തെ നവംബറിലെ ഏറ്റവും ഉയർന്ന ശരാശരി മഴ 2018ലാണ് രേഖപ്പെടുത്തിയത് — 49.84 മില്ലിമീറ്റർ. 1996ൽ 42.82 മില്ലിമീറ്ററും 1997ൽ 39.27 മില്ലിമീറ്ററും മഴ ലഭിച്ചു.
കനത്ത മഴയുടെ റെക്കോർഡുകൾ
1996 നവംബർ 17ന് അൽവജ്ഹിൽ 116.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അതേ വർഷം നവംബർ 15ന് തായിഫിൽ 103 മില്ലിമീറ്റർ മഴയും ലഭിച്ചു. നവംബറിൽ കനത്ത മഴ ലഭിച്ച ദിവസങ്ങളുടെ എണ്ണത്തിൽ ഖൈസൂമയാണ് മുന്നിൽ; 1985–2025 കാലയളവിൽ 33 ദിവസമാണ് ഇവിടെ രേഖപ്പെടുത്തിയത്. അൽഖസീമിൽ 32 ദിവസവും മക്കയിലും തായിഫിലും 30 ദിവസം വീതവും കനത്ത മഴ ലഭിച്ചു.
താപനിലയിൽ വടക്കൻ മേഖലകൾ തണുപ്പേറും
നവംബറിലെ സൗദിയുടെ സാധാരണ ശരാശരി താപനില 20.7 ഡിഗ്രി സെൽഷ്യസാണ്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ നാലാം സ്ഥാനമാണ് നവംബറിനുള്ളത്. ഈ മാസത്തെ ശരാശരി കൂടിയ താപനില 27.7 ഡിഗ്രിയും കുറഞ്ഞ താപനില 14.28 ഡിഗ്രിയുമാണ്.
നവംബറിൽ യൻബുവിൽ 42 ഡിഗ്രിയും മക്കയിൽ 41.2 ഡിഗ്രിയും ഉയർന്ന പ്രതിദിന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. അൽഖുറയ്യാത്തിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 5.8 ഡിഗ്രി രേഖപ്പെടുത്തിയത്.
1998ൽ നവംബറിലെ രാജ്യവ്യാപക ശരാശരി കൂടിയ താപനില 30.08 ഡിഗ്രിയിലെത്തി. അതേസമയം, 1988ൽ ശരാശരി കുറഞ്ഞ താപനില 12.45 ഡിഗ്രിയായി താഴ്ന്നു. പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ നവംബറിൽ പൊതുവെ താപനില ഉയർന്നുനിൽക്കുമ്പോൾ വടക്കൻ പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും തണുപ്പ് കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
