റിയാദ്: സൗദി അറേബ്യയിലെ വ്യവസായ നഗരങ്ങളിലുള്ള പ്രവർത്തനക്ഷമമായ ഫാക്ടറികളുടെ എണ്ണം 2025ൽ 18.9 ശതമാനം വർധിച്ച് 4,938 ആയി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട 2025ലെ സേവന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 36 വ്യവസായ നഗരങ്ങളിലായാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നത്.
ടൂറിസം മേഖലയും വളർച്ചയിൽ
2025ൽ സൗദിയിലെ ഹോട്ടലുകളുടെ എണ്ണം 31.6 ശതമാനം വർധിച്ച് 2,847 ആയി. ഹോട്ടൽ മുറികളുടെ എണ്ണം 4.91 ലക്ഷം കവിഞ്ഞു. 2024നെ അപേക്ഷിച്ച് 23.4 ശതമാനമാണ് വർധന. സർവീസ്ഡ് അപ്പാർട്ട്മെന്റുകളുടെ എണ്ണം 3,090 ആയി ഉയർന്നു. ഇവയിലായി 1.05 ലക്ഷത്തിലധികം താമസ യൂണിറ്റുകളുണ്ട്. ട്രാവൽ, ടൂറിസം ഏജൻസികളുടെ എണ്ണം 16.2 ശതമാനം വർധിച്ച് 3,177 ആയി.
വിമാനയാത്രക്കാരുടെ എണ്ണം 14.1 കോടി
രാജ്യത്ത് 29 വിമാനത്താവളങ്ങളാണുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലായി 9.79 ലക്ഷത്തിലധികം വിമാന സർവീസുകൾ നടത്തി. ഏകദേശം 14.1 കോടി യാത്രക്കാരാണ് വിമാനയാത്ര നടത്തിയത്.
വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ കണക്കുകൾ
രാജ്യത്തെ സ്കൂളുകളുടെ എണ്ണം 1.9 ശതമാനം വർധിച്ച് 32,000 ആയി. ഇതിൽ 20,100 പെൺകുട്ടികളുടെ സ്കൂളുകളും 11,900 ആൺകുട്ടികളുടെ സ്കൂളുകളുമാണ്. സർക്കാർ സ്കൂളുകളുടെ എണ്ണം 24,200ഉം സ്വകാര്യ സ്കൂളുകളുടേത് 7,800ഉം ആണ്.
ആരോഗ്യ മേഖലയിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 292 സർക്കാർ ആശുപത്രികളും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിൽ 63 ആശുപത്രികളുമുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 2,177 ആയി. റിയാദിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ — 406. മക്കയിൽ 321ഉം അസീറിൽ 281ഉം കേന്ദ്രങ്ങളുണ്ട്. സൗദി റെഡ് ക്രസന്റിന് കീഴിൽ 515 ആംബുലൻസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
ബാങ്കിങ്, സാമൂഹിക സേവനങ്ങൾ
വാണിജ്യ ബാങ്ക് ശാഖകളുടെ എണ്ണം 0.3 ശതമാനം വർധിച്ച് 1,910 ആയി. ഇതിൽ റിയാദിൽ 585ഉം മക്കയിൽ 385ഉം കിഴക്കൻ പ്രവിശ്യയിൽ 349ഉം ശാഖകളുണ്ട്. എടിഎമ്മുകളുടെ എണ്ണം 14,000 കവിഞ്ഞെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 2.7 ശതമാനം കുറഞ്ഞു.
സാമൂഹിക സുരക്ഷാ ഓഫീസുകളുടെയും യൂണിറ്റുകളുടെയും എണ്ണം 14.2 ശതമാനം കുറഞ്ഞ് 91 ആയി. അതേസമയം, സാമൂഹിക വികസന കേന്ദ്രങ്ങളുടെ എണ്ണം 39 ആയി മാറ്റമില്ലാതെ തുടർന്നു.
ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് സേവന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് GASTAT അറിയിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിലും ഗവർണറേറ്റുകളിലും കേന്ദ്രങ്ങളിലുമുള്ള സേവനങ്ങളുടെ ലഭ്യതയാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
