റിയാദ്: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സുരക്ഷാ, സൈനിക മേഖലകളിലേക്കുള്ള നിയമന നടപടികൾ ഏകീകരിക്കുന്നതിനായി പുതിയ കേന്ദ്ര പ്രവേശന മന്ദിരവും ഡിജിറ്റൽ പ്ലാറ്റ്ഫോമും ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദാണ് ഉദ്ഘാടനം നിർവഹിച്ചത്.
സുരക്ഷാ, സൈനിക മേഖലകളിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷിക്കുന്നവരുടെ രജിസ്ട്രേഷൻ, പ്രവേശന നടപടികൾ എന്നിവ ഏകീകൃത സംവിധാനത്തിലൂടെ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സർക്കാർ ഡാറ്റാബേസുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള പ്ലാറ്റ്ഫോം വഴി നടപടികൾ വേഗത്തിലാക്കാനും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും സാധിക്കും.
അപേക്ഷകർക്ക് ആവർത്തിച്ചുള്ള രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം നടപടിക്രമങ്ങൾ ലളിതമാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും. പുരുഷ, വനിതാ അപേക്ഷകരുടെ നടപടികൾക്കായി പ്രത്യേക ഹാളുകളും പരിശോധനാ സമിതികളും ആധുനിക സാങ്കേതിക സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
