മനാമ: ഹൂതി മിലിഷ്യയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന ഭീകരസംഘടനകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ അവരെയും നേരിടണമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല സമിതി ആവശ്യപ്പെട്ടു. ഹൂതികൾക്ക് മിസൈലുകളും ആളില്ലാ വിമാനങ്ങളും (ഡ്രോണുകൾ) സ്വന്തമാക്കാൻ സഹായിക്കുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ബഹ്റൈനിൽ ഞായറാഴ്ച ചേർന്ന ജിസിസി മന്ത്രിതല സമിതിയുടെ 168-ാമത് യോഗത്തിന്റെ സമാപന പ്രഖ്യാപനത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
സൗദി അറേബ്യക്കെതിരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സമിതി ശക്തമായി അപലപിച്ചു. ഇരുഹറമുകളെയും പരിസരങ്ങളെയും സിവിൽ വിമാനത്താവളങ്ങളെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി സമിതി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണിതെന്നും വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും ആശംസിച്ചു.
സൗദിക്ക് ജിസിസിയുടെ പൂർണ ഐക്യദാർഢ്യം
സൗദിയുടെ പരമാധികാരവും സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന നടപടികൾക്ക് ജിസിസി രാജ്യങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സംയുക്ത പ്രതിരോധ കരാറിനെ ഉദ്ധരിച്ച് സമിതി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ 51-ാം അനുച്ഛേദപ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള അംഗരാജ്യങ്ങളുടെ അവകാശവും സമിതി ആവർത്തിച്ചു.
യമനുമായി ബന്ധപ്പെട്ട യുഎൻ സുരക്ഷാസമിതി പ്രമേയങ്ങളും ഹൂതികൾക്കെതിരായ ആയുധ ഉപരോധവും കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ചെങ്കടലിലെ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ തടയാനും സമുദ്ര–വ്യോമ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം നിർവഹിക്കണമെന്നും വ്യക്തമാക്കി.
ഒക്ടോബർ 15ന് യുഎൻ സുരക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ച പ്രസ്താവനയെയും ജിസിസി സ്വാഗതം ചെയ്തു. സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ, അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്കെതിരായ ഭീഷണികൾ എന്നിവ പ്രസ്താവന അപലപിച്ചിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള സൗദിയുടെ സ്വയംപ്രതിരോധ അവകാശവും പ്രസ്താവന അംഗീകരിച്ചിരുന്നു.
ഇറാന്റെ ആക്രമണങ്ങളെയും അപലപിച്ചു
ജിസിസി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നേരിട്ടോ മേഖലയിലെ സായുധ വിഭാഗങ്ങൾ വഴിയോ നടത്തുന്ന മിസൈൽ–ഡ്രോൺ ആക്രമണങ്ങളെയും മന്ത്രിതല സമിതി അപലപിച്ചു. സിവിൽ കേന്ദ്രങ്ങൾ, പൊതുസേവന സ്ഥാപനങ്ങൾ, താമസമേഖലകൾ, നയതന്ത്ര ദൗത്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്തതായി സമിതി പറഞ്ഞു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണെന്ന് സമിതി ആരോപിച്ചു. ആക്രമണങ്ങളും പ്രകോപനങ്ങളും ഭീഷണികളും ഉടൻ നിരുപാധികം അവസാനിപ്പിക്കണമെന്നും യുഎൻ സുരക്ഷാസമിതി പ്രമേയം 2817 പൂർണമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അന്താരാഷ്ട്ര സമൂഹത്തോടും യുഎന്നിനോടും ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം
ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളും ചെങ്കടലും ആഗോള സമ്പദ്വ്യവസ്ഥയുടെ നിർണായക ജലപാതകളാണെന്ന് സമിതി വ്യക്തമാക്കി. ഇവിടങ്ങളിലെ കപ്പൽഗതാഗതം തടയുക, വാണിജ്യ കപ്പലുകളെയും ജീവനക്കാരെയും ആക്രമിക്കുക, കടലിൽ മൈനുകൾ സ്ഥാപിക്കുക, നിയമവിരുദ്ധമായ ഫീസുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുക തുടങ്ങിയവ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ഊർജം, ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണത്തെയും ആഗോള വ്യാപാരത്തെയും ഇത്തരം നടപടികൾ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.
1982ലെ യുഎൻ സമുദ്രനിയമ കൺവെൻഷനും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് കപ്പലുകളുടെ കടന്നുപോകലിന് മുൻകൂർ അനുമതിയോ നിർബന്ധിത പാതകളോ ഏർപ്പെടുത്താനുള്ള നീക്കങ്ങളെ സമിതി തള്ളി. സമുദ്രഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) കൂടുതൽ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷയും ഗതാഗത സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കണമെന്നും 2026 ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങണമെന്നും സമിതി ആവശ്യപ്പെട്ടു. തീരദേശ രാജ്യങ്ങളുടെ പരമാധികാരവും ബന്ധപ്പെട്ട രാജ്യങ്ങളുടെ അവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം ഇതെന്നും വ്യക്തമാക്കി.
യമനിൽ രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം
യമന്റെ പരമാധികാരം, ഐക്യം, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കണമെന്നും സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനായി സംഭാഷണവും ധാരണയും ശക്തമാക്കണമെന്നും ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. ദേശീയ സംവാദ സമ്മേളനത്തിന്റെ ഫലങ്ങൾ, ജിസിസി സംരംഭം, ബന്ധപ്പെട്ട യുഎൻ സുരക്ഷാസമിതി പ്രമേയങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നത്.
മേഖലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും വിവിധ രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും സമിതി ആഹ്വാനം ചെയ്തു. ഇറാന്റെ ആണവ–മിസൈൽ പദ്ധതികൾ, ഡ്രോൺ ശേഷി, മേഖലയിലെ സായുധ വിഭാഗങ്ങൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ഏതൊരു ധാരണയിലും ഉൾപ്പെടുത്തണം. ജിസിസി രാജ്യങ്ങളുടെ സുരക്ഷയെയും താൽപര്യങ്ങളെയും ബാധിക്കുന്ന ചർച്ചകളിലും ക്രമീകരണങ്ങളിലും അവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സമിതി വ്യക്തമാക്കി
