ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 19 മുതൽ 28 വരെ ഇടിമിന്നലോടുകൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴയുടെ തീവ്രതയും സഞ്ചാരദിശയും പ്രദേശങ്ങളിലെ വ്യാപനവും വ്യക്തമാക്കുന്ന ആനിമേറ്റഡ് കാലാവസ്ഥാ ഭൂപടവും കേന്ദ്രം പുറത്തുവിട്ടു.
അസീറിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, അൽബാഹ, മക്ക മേഖലയിലെ തായിഫ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ജിസാന്റെ കിഴക്കൻ മേഖലകളിലും ഹായിലിന്റെ ചില ഭാഗങ്ങളിലും നേരിയ മഴയും പ്രതീക്ഷിക്കുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ അസീർ, അൽബാഹ, മക്ക മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. വടക്കൻ അതിർത്തി മേഖല, ഹായിൽ, തബൂക്ക്, അൽജൗഫ്, മദീന എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം.
ഒക്ടോബർ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ അൽബാഹ, തായിഫ്, അസീർ–ജിസാൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാമെന്നും കാലാവസ്ഥാ ഭൂപടം സൂചിപ്പിക്കുന്നു. മക്ക നഗരത്തിന്റെ പരിസരങ്ങളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
ഒക്ടോബർ 26, 27 തീയതികളിൽ മദീനയ്ക്കും യൻബുവിനുമിടയിൽ മഴ ശക്തമാകാനും പിന്നീട് തബൂക്ക്, ഹായിൽ, വടക്കൻ അതിർത്തി മേഖല, അൽജൗഫ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.
ഒക്ടോബർ 28ന് തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖലയുടെ വടക്കൻ ഭാഗങ്ങൾ, മദീനയുടെ ചില മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ മേഖലകളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും അന്നും മഴ തുടർന്നേക്കും.
ശക്തമായ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.
