റിയാദ്: ജഡ്ജിമാരുടെ ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി.
രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ആക്ടിങ് പ്രസിഡന്റുമായ ശൈഖ് വലീദ് അൽ സമാനി രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നന്ദിയും അഭിനന്ദനവും അറിയിച്ചു.
നീതിന്യായ സംവിധാനത്തിന് നേതൃത്വം നൽകുന്നവരുടെ തുടർച്ചയായ പിന്തുണയെയും ശ്രദ്ധയെയും അൽ സമാനി പ്രശംസിച്ചു. ജഡ്ജിമാരുടെ പ്രവർത്തന സാഹചര്യം മെച്ചപ്പെടുത്താനും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുമുള്ള ഭരണനേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് രാജകീയ ഉത്തരവ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ ഔദ്യോഗിക കാര്യങ്ങളിൽ വ്യക്തമായ ക്രമീകരണം കൊണ്ടുവരാനും തൊഴിൽസ്ഥിരത ഉറപ്പാക്കാനും പുതിയ ചട്ടങ്ങൾ സഹായിക്കും. ഇതിലൂടെ നീതിന്യായ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിധിന്യായങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
