ജനീവ: അഭയാർഥികളുടെ സംരക്ഷണത്തിനും അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്ന് സൗദി അറേബ്യ. അഭയാർഥികൾക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങൾക്ക് പിന്തുണ നൽകുകയും ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും സൗദി വ്യക്തമാക്കി.
ജനീവയിൽ നടന്ന യുഎൻ അഭയാർഥി ഹൈക്കമ്മീഷണറുടെ (UNHCR) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 77-ാമത് സമ്മേളനത്തിൽ സംസാരിക്കവേ, ജനീവയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽമുഹ്സിൻ ബിൻ ഖുതൈലാഹയാണ് ഇക്കാര്യം അറിയിച്ചത്.
2025-ൽ മാനുഷിക, ദുരിതാശ്വാസ സഹായം നൽകുന്ന രാജ്യങ്ങളിൽ സൗദി ലോകത്ത് രണ്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമെത്തിയതായി അദ്ദേഹം പറഞ്ഞു. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ദീർഘകാല സ്ഥിരതയും പുനരധിവാസവും ഉറപ്പാക്കുന്ന രീതിയിലാണ് സൗദിയുടെ സഹായപ്രവർത്തനങ്ങൾ. ഊർജം, ആരോഗ്യം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളിൽ സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് നൽകുന്ന സഹായവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ഭക്ഷണം, താമസം, ചികിത്സാ സഹായങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
യെമനിലെ ഹൂതി ആക്രമണങ്ങൾ പ്രതിസന്ധി രൂക്ഷമാക്കുന്നു
യെമനിൽ ഹൂതി മിലിഷ്യയുടെ തുടർച്ചയായ സംഘർഷനീക്കങ്ങൾ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും നിർബന്ധിത കുടിയൊഴിപ്പിക്കലിന് ഇടയാക്കുകയും ചെയ്യുന്നുവെന്ന് സൗദി പ്രതിനിധി പറഞ്ഞു. സാധാരണക്കാരുടെ സംരക്ഷണവും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതും മുൻഗണനയാകണം. സൗദിയിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും അതിർത്തികളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം സൗദിക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.
ഗാസയിൽ സഹായം തടസ്സമില്ലാതെ എത്തിക്കണം
ഗാസയിലെ വഷളാകുന്ന മാനുഷിക സാഹചര്യത്തിൽ സൗദി ആശങ്ക രേഖപ്പെടുത്തി. ദുരിതം അവസാനിപ്പിക്കാനും സഹായങ്ങൾ നിയന്ത്രണങ്ങളില്ലാതെ എത്തിക്കാനും ശ്രമങ്ങൾ ശക്തമാക്കണം. ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കുന്നതിനെ സൗദി എതിർക്കുന്നതായും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിപൂർവവും സമഗ്രവുമായ സമാധാനമാണ് ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിറിയയ്ക്കും സുഡാനും പിന്തുണ
സിറിയയുടെ പുനരുദ്ധാരണത്തിനും പുനർനിർമാണത്തിനും സൗദി പിന്തുണ ആവർത്തിച്ചു. അഭയാർഥികൾക്ക് സുരക്ഷിതമായും അന്തസ്സോടെയും സ്വന്തം ഇഷ്ടപ്രകാരം മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. മടങ്ങിയെത്തുന്ന കുടുംബങ്ങൾക്ക് ശൈത്യകാലത്തിന് മുമ്പ് വീടുകൾ പുനരുദ്ധരിക്കാനും താമസസൗകര്യം ഒരുക്കാനും കിംഗ് സൽമാൻ റിലീഫ് സെന്ററും യുഎൻ അഭയാർഥി ഏജൻസിയും നടത്തുന്ന സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
സുഡാനിൽ സമാധാനശ്രമങ്ങൾ ശക്തമാക്കണമെന്നും സാധാരണക്കാരുടെ ദുരിതം കുറയ്ക്കാൻ മാനുഷിക സഹായപ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അഭയാർഥികളുടെ സംരക്ഷണത്തിനായി യുഎൻ അഭയാർഥി ഹൈക്കമ്മീഷണറുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
