ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ജിസാൻ മേഖലയിലെ അബൂ അരീഷിൽ. 14.2 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. മക്ക മേഖലയിലെ മിനായിൽ 4.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വ്യാഴാഴ്ച രാവിലെ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം ജിസാൻ, മക്ക, അൽബാഹ മേഖലകളിലാണ് മഴ ലഭിച്ചത്. ജിസാനിലെ അൽദർബിൽ 2 മില്ലിമീറ്ററും ഫറസാനിൽ 1.6 മില്ലിമീറ്ററും കിങ് അബ്ദുല്ല വിമാനത്താവളത്തിൽ 1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
മക്ക മേഖലയിൽ ത്വാഇഫിലെ അൽക്കുർ റോഡിൽ 2.6 മില്ലിമീറ്ററും അൽശിഷ, മുസ്ദലിഫ എന്നിവിടങ്ങളിൽ 2.3 മില്ലിമീറ്റർ വീതവും മഴ ലഭിച്ചു. മസ്ജിദുൽ ഹറമിന്റെ മധ്യമേഖലയിൽ 2.1 മില്ലിമീറ്ററും അൽഅസീസിയ, അൽശറാഇ എന്നിവിടങ്ങളിൽ 1.7 മില്ലിമീറ്റർ വീതവും രേഖപ്പെടുത്തി.
ത്വാഇഫിലെ അൽഹദയിൽ ഒരു മില്ലിമീറ്ററും വാദി ഉറാനയിൽ 0.7 മില്ലിമീറ്ററും ഉമ്മുൽ ഖുറാ സർവകലാശാലയിൽ 0.6 മില്ലിമീറ്ററും മഴ ലഭിച്ചു. അറഫയിൽ 0.4 മില്ലിമീറ്ററും അൽശഫ, അൽലൈത്ത് എന്നിവിടങ്ങളിൽ 0.2 മില്ലിമീറ്റർ വീതവും അൽക്കഅകിയയിൽ 0.1 മില്ലിമീറ്ററും രേഖപ്പെടുത്തി. അൽബാഹ മേഖലയിലെ ബൽജുറഷിയിൽ 0.2 മില്ലിമീറ്റർ മഴയും ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
