റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗ്ലാദേശി മുഫ്തിയും മതപ്രബോധകനുമായ നസ്റുല്ല അൽബദറും, ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ് അലിയും മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ 45 അംഗ സംഘത്തോടൊപ്പം റിയാദ് എയർപോർട്ടിൽ ഇഹ്റാമിൽ പ്രവേശിച്ച് ജിദ്ദയിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുമുമ്പ് തീർത്ഥാടകർ വിമാനത്തിനായി കാത്തിരിക്കുന്ന ദൃശ്യങ്ങളും, ആക്രമണത്തിന് ശേഷം ടെർമിനലിനുള്ളിൽ കട്ടിയുള്ള പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ആദ്യഘട്ടത്തിൽ 12 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പുതിയ മരണങ്ങളോടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 13 ആയി ഉയർന്നിട്ടുണ്ട്. മുന്നൂറിലധികം പേർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ നിലയും എംബസി ഇടപെടലുകളും
റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസഫ് അലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിവരം ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസിയാണ് സ്ഥിരീകരിച്ചത്. യൂസഫ് അലിയുടെ കുടുംബാംഗങ്ങൾക്കും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ ഒരു മകന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിവരികയാണെന്നും, മറ്റൊരു മകന് കാലിലെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടതായും ഒവൈസി വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ ഇവരുടെ അമ്മായി അപകടന തരണം ചെയ്തിട്ടുണ്ട്. യൂസഫ് അലിയുടെ ഭാര്യയും മകളും സുരക്ഷിതരാണ്.
ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആക്രമണത്തിൽ പരിക്കേറ്റ 11 ഇന്ത്യൻ പൗരന്മാരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിലാണ്. ബാക്കിയുള്ളവർ ആശുപത്രി വിട്ടു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. മരണപ്പെട്ട യൂസഫ് അലിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയ സൗദി അധികൃതർക്ക് എംബസി നന്ദി രേഖപ്പെടുത്തി.
സൗദിയിലെ ഇന്ത്യക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
റിയാദ് വിമാനത്താവള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും കർശനമായ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ വീടുകളിൽ തന്നെ തുടരുകയോ പ്രാദേശിക ഭരണകൂടങ്ങളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്യണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ സ്ഥിരീകരിക്കാത്ത വാർത്തകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും കർശനമായ മുന്നറിയിപ്പിലുണ്ട്.
റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ ടോൾ-ഫ്രീ നമ്പറായ 8002471234 എന്ന നമ്പറിലോ (സൗദി അറേബ്യയിൽ മാത്രം), അന്വേഷണങ്ങൾക്കായി +966-11-488469, വാട്സാപ്പ് നമ്പറായ +966-536216082 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
