റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും ഉംറ തീർഥാടകർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നതായി റിപ്പോർട്ട്. മക്കയെയും മദീനയെയും ലക്ഷ്യമിട്ട മുൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ സംഭവവും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളിൽ വിമാനത്താവളത്തിൽ വിമാനങ്ങളിൽ കയറാൻ തയ്യാറെടുക്കുന്ന ഉംറ തീർഥാടകരെ കാണാമായിരുന്നു. ആരാധനയ്ക്കും വിശുദ്ധ പള്ളികൾ സന്ദർശിക്കാനുമായി സൗദിയിലെത്തുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും സംഭവം ആശങ്ക ഉയർത്തുന്നു.
മക്കയിലേക്കും മദീനയിലേക്കും എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കും സന്ദർശകർക്കും സൗദി വിമാനത്താവളങ്ങൾ പ്രധാന പ്രവേശന കവാടങ്ങളാണ്. ഇത്തരം കേന്ദ്രങ്ങൾ ആക്രമിക്കുന്നത് വിമാനഗതാഗതത്തെ മാത്രമല്ല, തീർഥാടകരുടെയും സാധാരണ യാത്രക്കാരുടെയും സുരക്ഷയെയും ബാധിക്കുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യമനിൽ ഹൂതി സേനയ്ക്ക് സൈനിക സമ്മർദം വർധിക്കുന്ന സാഹചര്യത്തിലാണ് സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തുടരുന്നതെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്. സൈനിക കേന്ദ്രങ്ങൾക്കു പകരം വിമാനത്താവളങ്ങൾ പോലുള്ള സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.
വിശുദ്ധ പള്ളികളുടെ സംരക്ഷകനെന്ന നിലയിൽ തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നത് സൗദിയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളുടെ സുരക്ഷയും തീർഥാടകരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
