റിയാദ്: വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.
ഫ്ലൈദുബായ് റിയാദ്, യാമ്പു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെയും അബഹയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 11 വരെയും റദ്ദാക്കി. എമിറേറ്റ്സ് റിയാദിലേക്കുള്ള മൂന്ന് സർവീസുകളും ഇത്തിഹാദ് എയർവേയ്സ് അബുദാബി–റിയാദ് റൂട്ടിലെ എട്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഷാർജയിൽനിന്നുള്ള എയർ അറേബ്യ സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചു.
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളിലും തടസ്സമുണ്ടായി. റിയാദ്–മുംബൈ റൂട്ടിലെ എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകളും റിയാദ്–ബെംഗളൂരു റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസും തടസ്സപ്പെട്ടു. സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ അദീലിന്റെ റിയാദിൽനിന്നുള്ള ചില ആഭ്യന്തര സർവീസുകളും റദ്ദാക്കി.
അതേസമയം, റിയാദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകൾ വെള്ളിയാഴ്ച പ്രകടമായി. വ്യാഴാഴ്ച 167 വിമാനങ്ങൾ റദ്ദാക്കുകയും 164 സർവീസുകൾ വൈകുകയും ചെയ്തപ്പോൾ വെള്ളിയാഴ്ച റദ്ദാക്കിയത് 44 സർവീസുകൾ മാത്രമാണ്. 63 സർവീസുകൾ വൈകിയോടി.
സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുകയോ ചെയ്യാനുള്ള സൗകര്യം വിമാനക്കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റെടുത്തവർ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഏജന്റുമാരെ സമീപിക്കണമെന്നും നിർദേശമുണ്ട്.
