റിയാദ്: മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
ഒക്ടോബർ 8 വ്യാഴാഴ്ച വിവിധ സ്ഥലങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിലൂടെയാണ് ട്രക്കുകളിൽ ഘടിപ്പിച്ചിരുന്ന മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിസൈൽ ലോഞ്ചറുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടു. മിസൈൽ വിക്ഷേപണ സംഘത്തിലെ ഒരാൾക്ക് നേരെ നടത്തിയ ആക്രമണവും ദൃശ്യങ്ങളിലുണ്ട്.
