റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. അതേസമയം, ഡിസംബർ വരെ രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കുമെന്നും 2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ രാജ്യത്തിന്റെ മിക്ക മേഖലകളിലും ചെങ്കടൽ, അറേബ്യൻ ഗൾഫ് തീരപ്രദേശങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ 80 ശതമാനം വരെ സാധ്യതയുണ്ട്. തബൂക്ക്, മദീന, അൽബാഹ, അസീർ, അൽജൗഫ്, ഹായിൽ, ഖസീം, വടക്കൻ അതിർത്തി മേഖല, റിയാദിന്റെ തെക്കൻ ഭാഗങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ, നജ്റാന്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ അതിതീവ്ര മഴയും ഉണ്ടായേക്കാം.
മക്ക, ജസാൻ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ ഒഴികെയുള്ള മേഖലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
നവംബറിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമാണ്. മക്ക, റിയാദ്, അൽബാഹ, അസീർ, ജസാൻ, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും ഖസീം, ഹായിൽ മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മദീനയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും.
ഡിസംബറിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ സാധാരണ നിലയിലാകുമെന്നാണ് പ്രവചനം. എന്നാൽ കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മക്ക മേഖലയിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് 40 മുതൽ 50 ശതമാനം വരെ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
താപനില മൂന്ന് ഡിഗ്രി വരെ ഉയരും
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ എല്ലാ മേഖലകളിലും ഉപരിതല താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ മക്ക, കിഴക്കൻ അൽബാഹ, അസീറിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, വടക്കുകിഴക്കൻ ജസാൻ, നജ്റാന്റെ ഭൂരിഭാഗം മേഖലകൾ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ–തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ റിയാദ് എന്നിവിടങ്ങളിലാണ് താപനിലയിൽ കൂടുതൽ വർധന പ്രതീക്ഷിക്കുന്നത്.
ഒക്ടോബറിൽ താപനില ശരാശരിയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. നവംബറിൽ ഇത് 2.5 ഡിഗ്രിയായും ഡിസംബറിൽ 1.5 ഡിഗ്രിയായും ക്രമേണ കുറയുമെന്നാണ് പ്രവചനം.
