മക്ക: ഉംറ തീർഥാടകരെ ലൈസൻസില്ലാത്ത താമസസ്ഥലങ്ങളിൽ പാർപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാല് ഉംറ സർവീസ് കമ്പനികൾക്കും നാല് വിദേശ ഏജന്റുമാർക്കും സൗദി ഹജ്–ഉംറ മന്ത്രാലയം സസ്പെൻഷൻ ഏർപ്പെടുത്തി.
നിരവധി തീർഥാടകരെ ബാധിച്ച നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. സസ്പെൻഡ് ചെയ്ത സ്ഥാപനങ്ങളെ തീർഥാടകരുടെ പരാതികൾ പരിശോധിക്കുന്ന സമിതിക്ക് കൈമാറിയതായും നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ കമ്പനികൾ, സേവനദാതാക്കൾ, വിദേശ ഏജന്റുമാർ എന്നിവരിൽ ഫീൽഡ് പരിശോധനയും ഡിജിറ്റൽ നിരീക്ഷണവും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
തീർഥാടകരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി അംഗീകൃത ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും ബാധ്യതകൾ നിറവേറ്റണമെന്നും സൗദിയിലെ കമ്പനികളോടും വിദേശ ഏജന്റുമാരോടും മന്ത്രാലയം നിർദേശിച്ചു.
