റിയാദ്: ഹൂതി നിയന്ത്രണം അവസാനിപ്പിച്ച് യെമനിൽ സർക്കാർ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പൂർണ പിന്തുണ തുടരുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സമാധാനത്തിനുപകരം ഹൂതികൾ സൈനിക നീക്കം തെരഞ്ഞെടുത്തതായും ഇത് യെമനിലെ മാനുഷിക, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതായും മന്ത്രിസഭ ചൂണ്ടിക്കാട്ടി. തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലുമുള്ള പ്രാദേശിക സുരക്ഷയ്ക്കും കടൽഗതാഗതത്തിനും ഹൂതി ഭീഷണി തുടരുന്നതായും വ്യക്തമാക്കി.
മക്ക പ്രതിരോധ സഖ്യത്തിന്റെ അടിയന്തര യോഗ തീരുമാനങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. സൗദിക്കെതിരായ ആക്രമണങ്ങളെ നേരിടാൻ കൂട്ടായ പ്രതിരോധ നടപടികൾ സജീവമാക്കാനും പരസ്പര പ്രതിരോധ ബാധ്യതകൾ നടപ്പാക്കാനും യോഗത്തിൽ ധാരണയായത് സൈനിക സജ്ജീകരണവും ഏകോപനവും ശക്തിപ്പെടുത്തുമെന്ന് മന്ത്രിസഭ അറിയിച്ചു.
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ശറാഅുമായുള്ള മുഹമ്മദ് ബിൻ സൽമാന്റെ കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളും മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തി. സൗദി–സിറിയ ബന്ധവും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും ചർച്ച ചെയ്തതായി മന്ത്രിസഭ വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രാഥമിക ബജറ്റ് കണക്കുകൾ സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തിയും ആഗോള മാറ്റങ്ങളെ നേരിടാനുള്ള ശേഷിയും വ്യക്തമാക്കുന്നതാണെന്നും മന്ത്രിസഭ വിലയിരുത്തി.
സൗദിയും തുർക്കിയയും തമ്മിലുള്ള പുനരുപയോഗ ഊർജ വൈദ്യുത നിലയ പദ്ധതികളിലെ സഹകരണ കരാറിനും മന്ത്രിസഭ അംഗീകാരം നൽകി. ഊർജം, പരിസ്ഥിതി, ഇസ്ലാമിക കാര്യങ്ങൾ, നിയമനടപടികൾ, ടെലിവിഷൻ പ്രക്ഷേപണം തുടങ്ങിയ മേഖലകളിൽ വിവിധ രാജ്യങ്ങളുമായി സഹകരണ ധാരണാപത്രങ്ങൾ സംബന്ധിച്ച നടപടികൾക്കും അനുമതി നൽകി.
