റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ സൗദിയുടെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക മേഖലയിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴവർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിദ്ദ ഉൾപ്പെടെയുള്ള മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.
ജിസാൻ, അസീർ, അൽബാഹ, മദീന മേഖലകളിലും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ആലിപ്പഴവർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഹായിൽ, തബൂക്ക്, അൽജൗഫ്, നോർത്ത്േൺ ബോർഡേഴ്സ് മേഖലകളിൽ നേരിയതുമുതൽ മിതമായതുവരെയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും പോകരുതെന്നും ഇത്തരം സ്ഥലങ്ങളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
