ന്യൂയോർക്ക്: പ്രാദേശിക, ആഗോള സമാധാന-സുരക്ഷാ വിഷയങ്ങളിൽ സൗദി അറേബ്യ നിർണായക പങ്ക് വഹിക്കുന്നതായി യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.
പ്രാദേശിക സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനും സംഭാഷണത്തിന് അവസരം ഒരുക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും രാജ്യാന്തര പിന്തുണ ഏകോപിപ്പിക്കുന്നതിനും സൗദിയുടെ ഇടപെടൽ സഹായിക്കുന്നുണ്ടെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി സൗദിയും ഫ്രാൻസും പങ്കാളി രാജ്യങ്ങളും ചേർന്ന് രാജ്യാന്തര പിന്തുണ സമാഹരിച്ചതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഈ പിന്തുണ പ്രായോഗികവും തുടർച്ചയായതുമായ നടപടികളാക്കി മാറ്റുകയാണ് ഇനി പ്രധാനമെന്നും ദുജാറിക് പറഞ്ഞു.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന വിശ്വസനീയമായ രാഷ്ട്രീയ പ്രക്രിയയാണ് മിഡിൽ ഈസ്റ്റിൽ സമാധാനം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാന നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും രാഷ്ട്രീയമായും സാമ്പത്തികമായും ഭൗമശാസ്ത്രപരമായും ഏകീകൃതമായി തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനവിക മേഖലയിൽ സൗദി അറേബ്യ ലോകത്തെ പ്രധാന ദാതാക്കളിൽ ഒന്നാണെന്നും ദുജാറിക് പറഞ്ഞു. നയതന്ത്രം, മാനവിക സഹായം, വികസനം, പ്രാദേശിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നിവയിൽ സൗദി കൂടുതൽ സജീവമായ പങ്കാളിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
