അൽ-അഹ്സ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ ഗവർണറേറ്റിൽ അൽ-ഉഖൈർ–അൽ-ഉയൂൻ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേരടക്കം ഒമ്പത് പേർ മരിച്ചു.
ഒരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന പിതാവ്, മാതാവ്, മൂന്ന് ആൺമക്കൾ, രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ച ഏഴ് പേർ. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും അപകടത്തിൽ മരിച്ചു. ഇരു വാഹനങ്ങൾക്കും അപകടത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യ ട്രാഫിക് വിഭാഗം ഉടൻ സ്ഥലത്തെത്തി. വാഹനം പെട്ടെന്ന് ദിശമാറിയതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
അപകടത്തിൽ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനായി സിവിൽ ഡിഫൻസ്, സൗദി റെഡ് ക്രസന്റ് വിഭാഗങ്ങളിലെ പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി. എന്നാൽ വാഹനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന ഗതാഗതപാതകളിലൊന്നാണ് അൽ-ഉഖൈർ–അൽ-ഉയൂൻ റോഡ്. അൽ-അഹ്സ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളെ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്.
