റിയാദ്: ആഭ്യന്തര മന്ത്രിയും സുപ്രീം അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ അതോറിറ്റിയുടെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമും ഓപ്പറേഷൻസ് സെന്ററും ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷൻസ് സെന്ററിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.
അതോറിറ്റി ഗവർണർ അലി അൽ സഹ്റാനി ഏകീകൃത പ്ലാറ്റ്ഫോമിനെക്കുറിച്ച് മന്ത്രിയെ വിശദീകരിച്ചു. 123 ഓട്ടോമേറ്റഡ് സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം രാജ്യത്തെ 30ലധികം സ്ഥാപനങ്ങളുമായും സൗകര്യങ്ങളുമായും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങളും പ്രവർത്തന നടപടിക്രമങ്ങളും ഏകീകരിക്കുക, സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകുക, പ്രവർത്തന സജ്ജതയും ഭരണ സംവിധാനവും ശക്തിപ്പെടുത്തുക എന്നിവയാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യമെന്ന് അൽ സഹ്റാനി പറഞ്ഞു. നിർണായക വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നടപടികൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻസ് സെന്ററിന്റെ വിവിധ ഘടകങ്ങളും മന്ത്രി പരിശോധിച്ചു. ക്രൈസിസ് മാനേജ്മെന്റ് റൂം, കമ്മ്യൂണിക്കേഷൻസ് സെന്റർ, നാഷണൽ ഇൻഡസ്ട്രിയൽ ക്രിട്ടിക്കൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ 73ലധികം ഓപ്പറേഷൻസ് സെന്ററുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും തത്സമയം വിവരങ്ങളും റിപ്പോർട്ടുകളും കൈമാറുന്നതിനും ഏകീകൃത പ്രവർത്തന ചിത്രം ലഭ്യമാക്കുന്നതിനുമുള്ള ദേശീയ സംയോജിത പ്ലാറ്റ്ഫോമായാണ് സെന്റർ പ്രവർത്തിക്കുന്നത്.
ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും സംഭവങ്ങളോടും അടിയന്തര സാഹചര്യങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും പ്രവർത്തന സജ്ജതയും ബിസിനസ് തുടർച്ചയും മെച്ചപ്പെടുത്തുന്നതിനും സെന്റർ സഹായിക്കും.
സന്ദർശനത്തിനിടെ അതോറിറ്റിയുടെ സ്ഥാപന ആർക്കൈവുകളും അബ്ദുൽ അസീസ് രാജകുമാരൻ പരിശോധിച്ചു. സൗദി അറേബ്യയിലെ വ്യാവസായിക സുരക്ഷയുടെ രൂപീകരണവും വളർച്ചയും നിർണായക സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ അതോറിറ്റി വഹിച്ച പങ്കും ആർക്കൈവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഗുണഭോക്താക്കളിലേക്കും എത്തിക്കുന്നതിലും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിലും മീഡിയ സെന്റർ വഹിക്കുന്ന പങ്കും മന്ത്രി വിലയിരുത്തി.
