മക്ക: വിശുദ്ധ ഹറമിലെ പ്രമുഖ മുഅദ്ദിനും മക്ബരിയയിലെ (Mokbariah) അംഗങ്ങളിലൊരാളുമായ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ മദനി തിങ്കളാഴ്ച (2026 സെപ്റ്റംബർ 21) അന്തരിച്ചു. ഹറം ജീവനക്കാരും ബാങ്ക് വിളി ശൈലികളെ നിരീക്ഷിക്കുന്ന പണ്ഡിതന്മാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് അദ്ദേഹത്തിന്റെ വേർപാട് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിൻ്റെ ഹറമിലെ ബാങ്ക് വിളിയുടെയും തക്ബീർ ധ്വനികളുടെയും ശബ്ദ-ദൃശ്യ രേഖകൾ പങ്കുവെച്ചുകൊണ്ട് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
മക്ക ഹറമിലെ 24 പ്രധാന മുഅദ്ദിന്മാരിൽ ഒരാളായിരുന്നു ശൈഖ് ഇബ്രാഹിം മദനി.ദിവസേന 5 സമയത്തെ നമസ്കാരങ്ങൾക്കും ആദ്യ ഫജർ ബാങ്കിനുമായി 6 മുഅദ്ദിന്മാരാണ് മാറിമാറി സേവനമനുഷ്ഠിക്കുന്നത്. അതിൽ പ്രഭാത ബാങ്കിലും നമസ്കാര വേളകളിലെ തക്ബീറുകളിലും, ഇമാമിന്റെ തക്ബീറുകൾ തത്സമയം ഉച്ചഭാഷിണിയിലൂടെ ഭക്തരിലേക്ക് എത്തിക്കുന്ന ‘തബ്ലീഗ്’ (Tableeg) ചുമതലയിലുമായിരുന്നു ഇദ്ദേഹം ശ്രദ്ധേയനായത്. മുൻപ് ‘അശ്റഖത്ത്’ (Ashaqat) പോഡ്കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ, മക്ക ഹറമിൽ ആദ്യമായി ബാങ്ക് വിളിച്ചപ്പോൾ വിതുമ്പിപ്പോയ സംഭവം അദ്ദേഹം അനുസ്മരിച്ചിരുന്നു. വിശുദ്ധ കഅ്ബയ്ക്ക് ചുറ്റും തവാഫ് ചെയ്യുന്ന തീർത്ഥാടകർ തന്റെ ശബ്ദം കേൾക്കുന്നത് കണ്ടപ്പോൾ, “ഈ പവിത്രമായ ഭൂമിയിൽ തന്റെ ശബ്ദം മുഴങ്ങാൻ താൻ ആര്?” എന്ന് ചോദിച്ചുകൊണ്ട് അന്ന് കണ്ണീരണിയുകയായിരുന്നുവെന്ന് അദ്ദേഹം എളിയ മനസ്സോടെ പങ്കുവെച്ചിരുന്നു. മക്കയിലെയും മദീനയിലെയും ബാങ്ക് വിളി രീതികൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നു.
