റിയാദ്: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ പ്രധാനമന്ത്രി മസ്റൂർ ബർസാനിയുടെ ഓഫീസിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാഖിന്റെ പരമാധികാരത്തിന്റെയും ഭൗമിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടുള്ള എല്ലാ ശത്രുതാപരമായ നടപടികളെയും സൗദി പൂർണമായും തള്ളിക്കളയുന്നതായി മന്ത്രാലയം അറിയിച്ചു. ഇറാഖിന്റെ സുരക്ഷയ്ക്കും ഭരണകൂട സ്ഥാപനങ്ങൾക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നടപടിയെയും സൗദി എതിർക്കുന്നതായും വ്യക്തമാക്കി.
രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെയും അവരുടെ പരമാധികാരം ലംഘിക്കുന്നതിനെയും നല്ല അയൽബന്ധത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങൾ ലംഘിക്കുന്നതിനെയും സൗദി ശക്തമായി എതിർക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
