റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച പൗരന്മാർക്കും പ്രവാസികൾക്കുമെതിരെ റബീഉൽ അവ്വൽ 1448 ഹിജ്റ മാസത്തിൽ 22,894 ഭരണതല തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു.
നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകളാണ് തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുപോകുകയോ, ജോലി നൽകുകയോ, താമസിപ്പിക്കുകയോ, ഒളിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോടും പ്രവാസികളോടും ബിസിനസ് ഉടമകളോടും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
നിയമലംഘകർക്ക് ജോലി, താമസം, യാത്രാസൗകര്യം എന്നിവ ഒരുക്കിക്കൊടുക്കുന്നതുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
