ജിദ്ദ: സൗദി അറേബ്യയിലെ സാധാരണക്കാരെയും സിവിലിയൻ ആസ്തികളെയും ലക്ഷ്യമിട്ട് ഹൂതി ഭീകരസംഘം തുടരുന്ന ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശത്തിന്റെയും ആസ്തികളുടെയും സംരക്ഷണവും ഉറച്ചതും മാറ്റമില്ലാത്തതുമായ തത്വമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിലപാട് ആവർത്തിച്ചത്. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് സ്വയംപ്രതിരോധത്തിനും രാജ്യത്തിന്റെ പരമാധികാരം, പൗരന്മാർ, പ്രവാസികൾ, സുപ്രധാന താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും സൗദിക്കുള്ള നിയമപരമായ അവകാശം മന്ത്രിസഭ വീണ്ടും സ്ഥിരീകരിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ഷരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ കാര്യങ്ങളും യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലങ്ങളും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.
പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങൾ മന്ത്രിസഭ വിലയിരുത്തി. പൊതുവായ ആഗോള വെല്ലുവിളികളെ നേരിടുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി സംഭാഷണവും സഹകരണവും ശക്തിപ്പെടുത്തി സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ തുടരുന്നതായും യോഗം വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ക്ഷണിക്കപ്പെട്ട രാജ്യമായി സൗദി പങ്കെടുത്തതിന്റെ ഫലങ്ങളും മന്ത്രിസഭ വിലയിരുത്തി. പരസ്പര സഹകരണ മേഖലകളിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വികസനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുമുള്ള സൗദിയുടെ പ്രതിബദ്ധത ബ്രിക്സ് പങ്കാളിത്തം വ്യക്തമാക്കുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 70-ാമത് ജനറൽ കോൺഫറൻസിൽ സൗദി അവതരിപ്പിച്ച നിലപാടും മന്ത്രിസഭ ചർച്ച ചെയ്തു. ആഗോള വിപണികളുടെ സ്ഥിരതയിൽ വിശ്വസനീയമായ ഊർജ വിതരണക്കാരനും സജീവ പങ്കാളിയുമായ സൗദി, ആണവോർജം ഉൾപ്പെടുന്ന കൂടുതൽ വൈവിധ്യമാർന്നതും സുസ്ഥിരവുമായ ഊർജമിശ്രിതം വികസിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും വ്യക്തമാക്കി.
കൃത്രിമബുദ്ധിയുടെ നൈതികത സംബന്ധിച്ച നാലാമത് യുനെസ്കോ ആഗോള ഫോറത്തിന് സൗദി ആതിഥേയത്വം വഹിക്കുന്നതിലും മന്ത്രിസഭ സന്തോഷം രേഖപ്പെടുത്തി. എഐയുടെ ഉത്തരവാദിത്തപരവും നൈതികവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നതായി വിലയിരുത്തി.
അതേസമയം, അയർലൻഡുമായി നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ചർച്ച നടത്താനും ഒപ്പുവെക്കാനും നിക്ഷേപ മന്ത്രിയെയോ പ്രതിനിധിയെയോ മന്ത്രിസഭ അധികാരപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റേണൽ ഓഡിറ്റേഴ്സുമായുള്ള ആസ്ഥാന കരാറിനും കസാഖിസ്ഥാന്റെ വ്യവസായ–നിർമാണ മന്ത്രാലയവുമായി ധാതുവിഭവ മേഖലയിൽ സഹകരണത്തിനുള്ള ധാരണാപത്രത്തിനും അംഗീകാരം നൽകി.
ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസുമായി കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയുടെ സഹകരണ ധാരണാപത്രത്തിനും കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റുമായി ഇൻഷുറൻസ്–റീ ഇൻഷുറൻസ് മേഖലകളിൽ സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ധാരണാപത്രത്തിനും അനുമതി നൽകി.
ദേശീയ സംരംഭകത്വ–ചെറുകിട, ഇടത്തരം സംരംഭ തന്ത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിക്ഷേപ മന്ത്രാലയത്തെ അംഗമായി ഉൾപ്പെടുത്താനും തീരുമാനിച്ചു.
