കൈറോ: സൗദി അറേബ്യയ്ക്കും ഈജിപ്തിനും പൊതുവായ താൽപര്യങ്ങളും ലക്ഷ്യങ്ങളുമാണുള്ളതെന്നും ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ പൂർണ ധാരണയുണ്ടെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും വ്യക്തമാക്കി.
ഈജിപ്തിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കൈറോയിൽ നടന്ന ചർച്ചയിലാണ് ഇരു നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെയും ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ ഈജിപ്തിന്റെ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ഇരുവരും പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ പരമാധികാരത്തിനും സ്ഥിരതയ്ക്കും ഭൗമിക അഖണ്ഡതയ്ക്കുമെതിരായ ഏത് ആക്രമണത്തെയും ഭീഷണിയെയും ഈജിപ്ത് പൂർണമായും അപലപിക്കുന്നതായി അൽ സിസി വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെയും ഈജിപ്ത് എതിർത്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ഈജിപ്തിന്റെ പൂർണ പിന്തുണയുണ്ടെന്നും അൽ സിസി അറിയിച്ചു.
സൗദിക്കെതിരായ സമീപകാല ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിൽ ഈജിപ്ത് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള കൈറോയുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ്, ചെങ്കടൽ എന്നിവിടങ്ങളിലെ സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ ചൂണ്ടിക്കാട്ടി. യെമൻ പ്രതിസന്ധിക്ക് സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
വ്യാപാര–നിക്ഷേപ സഹകരണം ശക്തമാക്കും
സൗദി–ഈജിപ്ത് സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാനും വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയായി. സഹകരണം വിപുലീകരിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾക്ക് അനുസൃതമായി സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി.
ഫലസ്തീൻ വിഷയവും ചർച്ചയിൽ പ്രധാനമായി. രണ്ട് രാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിപൂർവവും സമഗ്രവുമായ പരിഹാരത്തിന് ഇരുരാജ്യങ്ങളും പിന്തുണ ആവർത്തിച്ചു. ഗാസയിലേക്ക് മതിയായ മാനുഷിക സഹായം എത്തിക്കുന്നതിനും ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ ഇസ്രായേൽ നടപടികൾ അവസാനിപ്പിക്കുന്നതിനും നേതാക്കൾ ആഹ്വാനം ചെയ്തു.
സുഡാൻ വിഷയത്തിൽ രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ദേശീയ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതായി സൗദിയും ഈജിപ്തും വ്യക്തമാക്കി. സുഡാന്റെ ഐക്യത്തിനും ഭൗമിക അഖണ്ഡതയ്ക്കുമുള്ള ഏത് ഭീഷണിയും ഇരു രാജ്യങ്ങളുടെയും വിശാല മേഖലയുടെയും കൂട്ടായ സുരക്ഷയ്ക്ക് അപകടമാണെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിലും പ്രാദേശിക സംഭവവികാസങ്ങളിലും തുടർന്നും നേരിട്ടുള്ള കൂടിയാലോചനയും ഏകോപനവും ശക്തമായി തുടരാനും ഇരുനേതാക്കളും ധാരണയായി.
