റിയാദ്: അപ്രതീക്ഷിത തീപിടിത്തങ്ങൾ തടയുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വീടുകളിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശിച്ചു.
ഗ്യാസ് ചോർച്ച സംശയിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വൈദ്യുത സ്വിച്ചുകൾ പ്രവർത്തിപ്പിക്കുകയോ തീപിടിത്തത്തിന് കാരണമാകാവുന്ന മറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. ഗ്യാസ് വാൽവ് മുറുക്കി അടയ്ക്കുകയും ജനലുകളും വാതിലുകളും ശാന്തമായി തുറന്ന് മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.
ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്ന് ആളുകൾ സുരക്ഷിതമായി പുറത്തുകടക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 911 എന്ന നമ്പറിലും സൗദിയിലെ മറ്റ് മേഖലകളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
