റിയാദ്: ഹൃദയമിടിപ്പ് നിലച്ചതിനെ തുടർന്ന് മരിച്ച ദാതാവിൽ നിന്ന് കോർണിയ ശേഖരിക്കുന്ന സൗദി അറേബ്യയിലെ ആദ്യ നടപടിക്രമം വിജയകരമായി പൂർത്തിയാക്കി. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ (SCOT), കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ അവയവദാന വിഭാഗവുമായി സഹകരിച്ചാണ് നടപടിക്രമം നടത്തിയത്.
ശേഖരിച്ച കോർണിയകൾ വിലയിരുത്തൽ, പ്രോസസ്സിങ്, സംരക്ഷണം എന്നിവയ്ക്കായി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഐ ബാങ്കിലേക്ക് മാറ്റി. അംഗീകൃത മെഡിക്കൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് തുടർ നടപടികൾ നടത്തുന്നത്.
2026 ഓഗസ്റ്റ് 10ന് ഇരു മെഡിക്കൽ സിറ്റികളുടെയും സഹകരണത്തോടെ ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ആദ്യ പ്രധാന നേട്ടമാണിത്. കോർണിയ ദാനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുക, ആവശ്യമായ കോർണിയയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുക, ട്രാൻസ്പ്ലാന്റ് ആവശ്യമായ രോഗികൾക്ക് കാഴ്ചശക്തി വീണ്ടെടുക്കാൻ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
നടപടിക്രമത്തിൽ പങ്കെടുത്ത മെഡിക്കൽ സംഘങ്ങളെ SCOT ഡയറക്ടർ ജനറൽ ഡോ. തലാൽ അൽഗൗഫി അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്ത് കോർണിയ ദാനത്തിന്റെ സംസ്കാരം കൂടുതൽ വ്യാപിപ്പിക്കാനും ദേശീയ പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ പങ്കാളികളാക്കാനും സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
