ദമ്മാം: സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തപാൽ പാഴ്സലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18,549 ആംഫെറ്റമിൻ ഗുളികകൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) പിടികൂടി.
സുരക്ഷാ സാങ്കേതികവിദ്യകളും പ്രത്യേക പരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് പാഴ്സലിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
സംഭവത്തിൽ ZATCA ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി (GDNC) ഏകോപിച്ച് അന്വേഷണം നടത്തി. സൗദിയിൽ പാഴ്സൽ കൈപ്പറ്റാനിരുന്നവരെ കണ്ടെത്തി നാലുപേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് എത്തുന്ന ഇറക്കുമതി-കയറ്റുമതി ചരക്കുകളിൽ കസ്റ്റംസ് പരിശോധന കൂടുതൽ ശക്തമാക്കുന്നത് തുടരുകയാണെന്ന് ZATCA വക്താവ് ഹമൂദ് അൽ-ഹർബി പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെയും GDNCയുടെയും സഹകരണത്തോടെയാണ് നടപടികൾ ശക്തമാക്കുന്നത്.
സംശയാസ്പദമായ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 1910 എന്ന സുരക്ഷാ ഹോട്ട്ലൈൻ നമ്പറിലൂടെയോ മറ്റ് ഔദ്യോഗിക റിപ്പോർട്ടിങ് സംവിധാനങ്ങളിലൂടെയോ അറിയിക്കണമെന്ന് ZATCA ആവശ്യപ്പെട്ടു.
ലഭിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും ശരിയാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾക്ക് സാമ്പത്തിക പാരിതോഷികം ലഭിച്ചേക്കുമെന്നും അതോറിറ്റി അറിയിച്ചു.
