തഇസ്/ഏഡൻ: യെമനിലെ തഇസ് (Taiz), അൽ ഹുദൈദ (Al Hudaydah) പ്രവിശ്യകളിൽ യെമൻ സൈന്യവും ഹൂതി വിമതരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നു. വെള്ളിയാഴ്ച നടന്ന രൂക്ഷമായ പോരാട്ടത്തിൽ പ്രമുഖ ഹൂതി കമാൻഡർമാർ ഉൾപ്പെടെ 120-ലധികം വിമതർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തഇസിന് പടിഞ്ഞാറുള്ള മഖ്ബനയിലെ അൽ ബർഹ്, അൽ കുദ്ഹ, അൽ ബറാശ, അൽ മജാഇശ എന്നീ തന്ത്രപ്രധാന മേഖലകൾ യെമൻ സൈന്യം ഹൂതികളിൽ നിന്നും പൂർണ്ണമായി തിരിച്ചുപിടിച്ചു.
കൊല്ലപ്പെട്ടവരിൽ പ്രമുഖ ഹൂതി നേതാക്കളായ മുഹമ്മദ് ഹാരിഥ് അൽ അലവി, ‘അബൂ അലി അൽ മദനി’ എന്ന് അറിയപ്പെടുന്ന കാമിൽ ഖലീൽ നാസിർ, ഹൂതി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡർ സൈഫ് ഹാദി അൽ മൂഫരി എന്നിവർ ഉൾപ്പെടുന്നു. സൈന്യം ഒരുക്കിയ തന്ത്രപരമായ കെണിയിലാണ് ഇവരും അനുചരന്മാരും കൊല്ലപ്പെട്ടത്. ഹൂതികളുടെ സൈനിക താവളങ്ങൾക്ക് നേരെ വ്യോമസേനയും ഡ്രോൺ വിഭാഗവും നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ നിരവധി സൈനിക വാഹനങ്ങളും ആയുധശേഖരങ്ങളും തകർത്തു. പരാജയഭീതിയിലായ ഹൂതികൾ ജനവാസ മേഖലകൾക്ക് നേരെ നടത്തിയ ഷെല്ലിംഗിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.
അതിനിടെ, യെമൻ താൽക്കാലിക തലസ്ഥാനമായ ഏഡനിൽ വൻ സ്ഫോടനങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും പദ്ധതിയിട്ട ഹൂതി പരിശീലനം ലഭിച്ച ഭീകരസംഘത്തെ ദാർ സഅദ് (Dar Saad) പോലീസ് അറസ്റ്റ് ചെയ്തു.
