റിയാദ്: സൗദി അറേബ്യയിൽ ഡിസ്കൗണ്ട് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം ഓഗസ്റ്റിൽ രാജ്യത്തുടനീളം 20,000ത്തിലേറെ പരിശോധനാ റെയ്ഡുകൾ നടത്തി.
മാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ച് ഒക്ടോബർ 31 വരെ നീളുന്ന 2026ലെ വാണിജ്യ ഡിസ്കൗണ്ട് സീസണിന്റെ ഭാഗമായാണ് രാജ്യവ്യാപക പരിശോധനാ ക്യാമ്പയിൻ നടത്തിയത്.
പരിശോധനാ സംഘങ്ങൾ ഡിസ്കൗണ്ട് പെർമിറ്റുകളുടെ സാധുതയും അവ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. അനുവദിച്ചിട്ടുള്ള ഡിസ്കൗണ്ട് നിരക്കുകൾ പാലിക്കുന്നുണ്ടോ, ഉൽപ്പന്നങ്ങളുടെ വില ടാഗുകളിലും ഇലക്ട്രോണിക് റീഡറുകളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ, ഉൽപ്പന്നങ്ങളുടെ റിട്ടേൺ, എക്സ്ചേഞ്ച് നയങ്ങൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.
പ്രദർശിപ്പിച്ചിരിക്കുന്ന ഡിസ്കൗണ്ട് പെർമിറ്റിലെ ഔദ്യോഗിക ബാർകോഡ് സ്കാൻ ചെയ്ത് ഡിസ്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് നിർദേശിച്ചു. ഡിസ്കൗണ്ട് ശതമാനം, ഓഫറിന്റെ കാലാവധി, സ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവ ബാർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ പരിശോധിക്കാനാകും.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമാനുസൃതമായ ഡിസ്കൗണ്ട് ഓഫറുകൾ ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
