റഫ്ഹ: സൗദി അറേബ്യയിൽ കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള ശരത്കാലത്തിന് സെപ്റ്റംബർ 1 ചൊവ്വാഴ്ച തുടക്കമായി. ഇതോടെ വേനൽക്കാലത്തിന് അവസാനമാകുകയും നവംബർ വരെ നീളുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിന് തുടക്കമാകുകയും ചെയ്തു.
ശരത്കാലം ആരംഭിച്ചതോടെ ഉടൻ ചൂട് കുറയില്ലെന്ന് ആഫാഖ് സൊസൈറ്റി ഫോർ ആസ്ട്രോണമി അംഗം ബർജസ് അൽ-ഫുലൈഹ് പറഞ്ഞു. പകരം, കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകളും താപനിലയിൽ ക്രമേണയുള്ള മാറ്റങ്ങളുമാണ് ഈ കാലയളവിൽ അനുഭവപ്പെടുക. നവംബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രപരമായ കണക്കുകൾ പ്രകാരം സെപ്റ്റംബർ സൗദിയിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ നാലാമത്തേതും ഏറ്റവും വരണ്ട മാസങ്ങളിൽ ഒന്നുമാണ്.
സൗദി അറേബ്യയുടെ വിശാലമായ ഭൂപ്രദേശവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാരണം സെപ്റ്റംബർ ആദ്യ പകുതിയിൽ കാലാവസ്ഥയിൽ വേഗത്തിലുള്ള മാറ്റങ്ങളും താപനിലയിലെ വലിയ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശൈത്യകാലത്തേക്ക് കാലാവസ്ഥ ക്രമേണ മാറുന്നതിന്റെ ഭാഗമായാണ് ഈ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്നത്.
