ന്യൂഡൽഹി: ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഇമിഗ്രേഷൻ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ ക്ലിയറൻസിന് ശേഷം ബോർഡിംഗ് പാസ്സുകളിൽ ഉദ്യോഗസ്ഥർ ഫിസിക്കൽ സീൽ (Stamp) പതിക്കുന്ന രീതി നിർത്തിവെയ്ക്കും. യാത്രക്കാരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച്, വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ യാത്രക്കാർക്ക് മൊബൈൽ ഫോണിലുള്ള ഇ-ബോർഡിംഗ് പാസ്സോ (e-boarding pass) അല്ലെങ്കിൽ പ്രിന്റ് ചെയ്ത പേപ്പർ ബോർഡിംഗ് പാസ്സോ കാണിക്കാം. എന്നാൽ ഇതിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സീൽ പതിക്കില്ല. സീൽ വ്യക്തമല്ലെന്ന കാരണം പറഞ്ഞ് യാത്രക്കാർ നേരിട്ടിരുന്ന അനാവശ്യ താമസം ഒഴിവാക്കാൻ ഇത് സഹായിക്കും. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സി.ഐ.എസ്.എഫ് (CISF), എയർപോർട്ട് ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.
