റിയാദ്: മതപരവും ബൗദ്ധികവുമായ അവബോധം ശക്തിപ്പെടുത്തുന്നതിനും ശരിയായ ഇസ്ലാമിക വിശ്വാസധാര ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യയിൽ ‘ബിൽഡിങ് ഫെയ്ത്ത്’ (Building Faith) പദ്ധതി ആരംഭിച്ചു. ഇസ്ലാമിക കാര്യ, ദഅ്വ, മാർഗനിർദേശ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് റിയാദിൽ പദ്ധതിക്ക് തുടക്കം കുറിച്ചു.
സൗദിയിലെ എല്ലാ നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും പള്ളികളിലും നമസ്കാര ഹാളുകളിലും വർഷം മുഴുവൻ പദ്ധതി നടപ്പാക്കും. വിശ്വാസപരമായ അവബോധം വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ പരിപാടികൾ, പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, ബോധവൽക്കരണ ലക്ചറുകൾ എന്നിവ സംഘടിപ്പിക്കും.
ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾ, മിതത്വം, സന്തുലിത സമീപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് പരിപാടികൾ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിവിധ മേഖലകളിലായി 156 ബോധവൽക്കരണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. ഓരോ മേഖലയിലും പ്രതിവർഷം 12 പ്രവർത്തനങ്ങൾ വീതം സംഘടിപ്പിക്കും. വർഷം മുഴുവൻ 1 കോടിയിലധികം ആളുകളിലേക്ക് നേരിട്ടും പരോക്ഷമായും പദ്ധതിയുടെ പ്രയോജനം എത്തിക്കുകയാണ് ലക്ഷ്യം.
