റിയാദ്: സൗദി അറേബ്യയിലെ വ്യക്തികൾക്കായി പങ്കുവെക്കുന്ന താമസസ്ഥലങ്ങൾക്കും (Shared Housing) ലേബർ ക്യാമ്പുകൾക്കുമായി പുതിയ ആരോഗ്യ, സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ മുൻസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം പ്രഖ്യാപിച്ചു. കെട്ടിടങ്ങളുടെ സ്ഥാനം, റോഡ് കണക്റ്റിവിറ്റി, പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങൾ, പാർപ്പിട സാന്ദ്രത, നിവാസികളുടെ സ്വകാര്യത എന്നിവ പൂർണ്ണമായും ഉറപ്പാക്കുന്നതാണ് പുതിയ നിയമങ്ങൾ. നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി കുറഞ്ഞത് ഒരു വർഷത്തെയോ അല്ലെങ്കിൽ നിലവിലെ ലൈസൻസ് കാലാവധി തീരുന്ന വരെയോ സാവകാശം (Grace period) അനുവദിച്ചിട്ടുണ്ട്.
പുതിയ നിബന്ധനകൾ പ്രകാരം സ്കൂളുകൾ, ആശുപത്രികൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 300 മീറ്റർ അകലെയായിരിക്കണം ഇത്തരം പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കേണ്ടത്. കൂടാതെ, താമസകേന്ദ്രങ്ങളിലേക്കുള്ള റോഡുകൾക്ക് കുറഞ്ഞത് 20 മീറ്റർ വീതിയുണ്ടായിരിക്കണം. ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി 40 താമസക്കാർക്ക് കുറഞ്ഞത് ഒരു പാർക്കിംഗ് സ്പേസും, 50 ശതമാനം താമസക്കാർക്ക് ഉപയോഗിക്കത്തക്ക രീതിയിൽ ബസ് പാർക്കിംഗ് സൗകര്യവും, ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്.
പാർപ്പിടങ്ങളെ പ്രധാനമായും മൂന്ന് കാറ്റഗറികളായാണ് തരംതിരിച്ചിരിക്കുന്നത്: 23 മീറ്ററിൽ കൂടാത്ത ബഹുനില കെട്ടിടങ്ങൾ (Category 1), സുരക്ഷാ മതിൽക്കെട്ടുള്ള റെസിഡൻഷ്യൽ കോംപ്ലക്സുകൾ (Category 2), പ്രൊജക്റ്റ് സൈറ്റുകളിൽ താൽക്കാലികമായി സ്ഥാപിക്കുന്ന പോർട്ടബിൾ ക്യാബിനുകൾ (Category 3). പ്രൊജക്റ്റ് സൈറ്റുകളിലെ പോർട്ടബിൾ ക്യാബിനുകളുടെ ലൈസൻസ് കാലാവധി ഒരു വർഷമോ അല്ലെങ്കിൽ പ്രൊജക്റ്റ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും.
