ഉലാൻബാത്തർ: സസ്യാവരണം വർധിപ്പിക്കൽ, നശിച്ച ഭൂമി പുനഃസ്ഥാപിക്കൽ, പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണം, ജൈവവൈവിധ്യ പ്രോത്സാഹനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സൗദി അറേബ്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ‘World Restoration Flagships’ പുരസ്കാരം ലഭിച്ചു.
മംഗോളിയ ആതിഥേയത്വം വഹിച്ച ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള കൺവെൻഷന്റെ (UNCCD) 17-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP17) ഭാഗമായി നടന്ന ഉന്നതതല ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
സൗദി അറേബ്യയെ പ്രതിനിധീകരിച്ച നാഷണൽ ഗ്രീനിംഗ് പ്രോഗ്രാമിനെ പരിസ്ഥിതി പുനഃസ്ഥാപന രംഗത്തെ ആഗോള മാതൃകയായാണ് യുഎൻ അംഗീകരിച്ചത്. പദ്ധതിയുടെ ഭാഗമായി 15.9 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഏകദേശം 10 ലക്ഷം ഹെക്ടർ നശിച്ച ഭൂമി പുനഃസ്ഥാപിക്കുകയും വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വരൾച്ച, മരുഭൂവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടുന്നതിനുള്ള സമഗ്ര ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും നാഷണൽ ഗ്രീനിംഗ് പ്രോഗ്രാം സഹായിച്ചിട്ടുണ്ട്. സൗദി വിഷൻ 2030ന്റെ പരിസ്ഥിതി ലക്ഷ്യങ്ങളുമായി ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.
2030ഓടെ 25 ലക്ഷം ഹെക്ടറിലധികം ഭൂമി പുനഃസ്ഥാപിക്കുകയും 21.5 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷൻ സിഇഒ അഹമ്മദ് അൽ-അയാദ പറഞ്ഞു.
ദീർഘകാല ലക്ഷ്യമായി 4 കോടി ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കുകയും 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യാനാണ് സൗദി ലക്ഷ്യമിടുന്നത്.
വനവൽക്കരണം, സ്വാഭാവിക പുനരുജ്ജീവനം, നിയന്ത്രിത മേച്ചിൽ, അറേബ്യൻ ഒറിക്സ്, ഗസൽ, ഐബക്സ് തുടങ്ങിയ തദ്ദേശീയ വന്യജീവികളുടെ പുനരവതരണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. മഴവെള്ള സംഭരണവും ശുദ്ധീകരിച്ച മലിനജലത്തിന്റെ ഉപയോഗവും ജലലഭ്യത കുറവുള്ള പ്രദേശങ്ങളിലെ പുനഃസ്ഥാപന പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്.
ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയും (UNEP) ഭക്ഷ്യ-കാർഷിക സംഘടനയും (FAO) ബ്രസീലിലെയും സഹേൽ മേഖലയിലെയും രണ്ട് പദ്ധതികൾക്കും പുരസ്കാരം നൽകി. യുഎൻ ‘ഡെക്കേഡ് ഓൺ ഇക്കോസിസ്റ്റം റസ്റ്ററേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്.
