തബൂക്ക്: മേഖലയിലെ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി 2.3 ബില്യൺ റിയാലിലധികം മൂല്യമുള്ള നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് തബൂക്ക് അമീർ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ മേൽനോട്ടം വഹിച്ചു. മുനിസിപ്പാലിറ്റി, ഭവന മന്ത്രി മജിദ് അൽ-ഹൊഗൈലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തബൂക്ക് നഗരത്തിലെ ശുചീകരണ സേവനങ്ങൾക്കായി അഞ്ച് കരാറുകളും എഞ്ചിനീയറിംഗ് ലാൻഡ്ഫിൽ സ്ഥാപിക്കുന്നതിനായി കിംഗ് സൽമാൻ റോയൽ റിസർവിനും തബൂക്ക് മുനിസിപ്പാലിറ്റിക്കും ഇടയിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു കരാറും ഇതിൽ ഉൾപ്പെടുന്നു.
മുനിസിപ്പാലിറ്റിയുടെ ‘ഇൻവെസ്റ്റ്മെന്റ് ഗേറ്റ്’ കമ്പനിയുടെ നിക്ഷേപ പദ്ധതികൾ, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഭവന വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നാല് കരാറുകൾ എന്നിവയും ഒപ്പുവച്ചു.
ഇതിന് പുറമെ 177 ഭവന യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളും നിലവിൽ വന്നു. മേഖലയിൽ അടിസ്ഥാന സൗകര്യ വികസനവും ഭവന പദ്ധതികളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.
അതേസമയം, യോഗ്യരായ കുടുംബങ്ങൾക്ക് സ്ഥിരമായ ഭവനം ലഭ്യമാക്കുന്നതിനുള്ള ‘ജൂദ് ഭവന’ സംരംഭത്തിന്റെ ഭാഗമായി സകാൻ ഫൗണ്ടേഷന്റെ സംഭാവനയിലൂടെ നിർമിച്ച 317 ഭവന യൂണിറ്റുകൾ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.
‘ജൂദ് തബൂക്ക്’ സംരംഭത്തിന് സംഭാവന നൽകിയ ദാതാക്കളെയും ചടങ്ങിൽ അദ്ദേഹം ആദരിച്ചു.
