അബഹ: അസീറിൽ വംശനാശഭീഷണി നേരിടുന്ന ‘ഐബക്സ്’ (Ibex – കാട്ടുആട്) ഇനത്തിൽപ്പെട്ട മൃഗത്തെ വേട്ടയാടിയ ഹുസൈൻ ദാഫിർ ഹുസൈൻ അൽ-ഖഹ്താനി എന്ന സൗദി പൗരനെ അസീർ പൊലീസും എൻവയോൺമെന്റൽ സെക്യൂരിറ്റി സ്പെഷ്യൽ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ, 20 റൗണ്ട് തിരകൾ, കുടുക്കിലാക്കിയ നിലയിൽ നാല് കാട്ടുമൃഗങ്ങൾ എന്നിവയും സുരക്ഷാ സേന പിടിച്ചെടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് കശനമായി നിരോധിച്ചിട്ടുണ്ടെന്നും പബ്ലിക് സെക്യൂരിറ്റി ഓർമ്മിപ്പിച്ചു.
വേട്ടയാടലിനുള്ള പ്രധാന പിഴകൾ:
- ഐബക്സിനെ (Ibex) വേട്ടയാടിയാൽ: 60,000 റിയാൽ പിഴ
- ലൈസൻസില്ലാതെ വേട്ടയാടിയാൽ: 10,000 റിയാൽ പിഴ
- നിരോധിത മേഖലകളിൽ വേട്ടയാടിയാൽ: 5,000 റിയാൽ പിഴ
വനജീവികൾക്കോ പരിസ്ഥിതിക്കോ എതിരെയുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
