എത്ര തവണ വേണമെങ്കിലും സൗദിയിലേക്ക് വരാം, ആകെ തങ്ങാവുന്നത് 90 ദിവസം മാത്രം സൗദിയിലേക്ക് വരുന്നതിന് മുമ്പ് നുസ്ക് ആപ്പിൽനിന്ന് തസീഹ് എടുക്കണം, മടക്ക ടിക്കറ്റ് വേണം, ഹോട്ടൽ ബുക്കിംഗ് വേണം സൗദിയിലുള്ളവരുടെ ആതിഥേയത്വത്തിലാണെങ്കിൽ അവരുടെ ഇഖാമ വാലിഡ് ആയിരിക്കണം
റിയാദ്- : സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഈ വർഷം നടപ്പിലാക്കിയ മൾട്ടിപ്ൾ ഉംറ വിസ തീർഥാടകർക്ക് ലഭ്യമായി തുടങ്ങി. 365 ദിവസ കാലാവധിയുള്ള ഈ വിസയിൽ ഒരു വർഷം സൗദിയിൽ 90 ദിവസം താമസിക്കാനാകും. 90 ദിവസത്തിനുള്ളിൽ എത്ര തവണയും സൗദിക്ക് പുറത്തുപോയി വരാനാവുമെന്നതാണ് പ്രത്യേകത.
ഇതുവരെ 90 ദിവസത്തെ സിംഗിൾ എൻട്രി വിസയായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം അപേക്ഷകർക്കെല്ലാം മൾട്ടിപ്ൾ എൻട്രി ഉംറ വിസയാണ് ലഭിക്കുന്നത്. ഒരു പ്രാവശ്യം ഉംറ നിർവഹിച്ച് തിരിച്ചുപോയാൽ പിന്നീട് സൗദിയിലേക്കുള്ള ഓരോ എൻട്രിക്കും ചില നിബന്ധനകൾ പാലിക്കണമെന്ന് മാത്രം. ഇല്ലെങ്കിൽ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോകുന്നതിന് മുമ്പ് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസ്ക് ആപ്ലിക്കേഷൻ വഴി ഉംറയുടെ പെർമിറ്റ് (തസ്ലീഹ്) എടുക്കണം. പോകാനും തിരിച്ചുവരാനുമുള്ള വിമാനടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് അടക്കം ഉംറ കമ്പനിയുടെ അംഗീകൃത പാക്കേജും എടുക്കണം. സൗദിയിൽ ജോലി ചെയ്യുന്ന വ്യക്തികളുടെ ആതിഥേയത്വത്തിലാണെങ്കിൽ അവരുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം. ഓരോ എൻട്രിയിലും ഉംറ വിസ ആക്ടീവ് ആകാൻ ഇത്രയും നിബന്ധനകൾ പാലിച്ചിരിക്കണം. ഓരോ തിരിച്ചുപോക്കിന് ശേഷവും വിസയുടെ ബാക്കിദിവസങ്ങൾ അപ്ഡേറ്റ് ആകും. എന്നാൽ ഒരു വർഷം 90 ദിവസത്തിലധികം സൗദിയിൽ താമസിക്കാനാകില്ല
താമസിച്ചാൽ പിഴയും പ്രവേശനവിലക്കുമുണ്ടാകും. ഹജ്ജ് സീസണിൽ അഥവാ ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹിജ്ജ 13 വരെ കാലയളവിൽ മൾട്ടിപ്ൾ ഉംറ വിസ ഉപയോഗിച്ച് പ്രവേശനമുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു.
