റിയാദ്: ഫണ്ട് ശേഖരണത്തിനും (Fundraising) സംഭാവനകൾക്കായുള്ള പരസ്യ പ്രചാരണങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നത് ഉൾപ്പെടെയുള്ള പുതിയ കരട് നിയമം സൗദി നാഷണൽ സെക്ടർ ഫോർ നോൺ-പ്രോഫിറ്റ് പുറത്തിറക്കി. സുതാര്യത വർദ്ധിപ്പിക്കുന്നതിനും, ഫണ്ട് ശേഖരണ രംഗത്തെ തട്ടിപ്പുകൾ തടയുന്നതിനും, സംഭാവന നൽകുന്നവരുടെയും അത് സ്വീകരിക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം.
പബ്ലിക് സർവേ പ്ലാറ്റ്ഫോമായ ‘ഇസ്തിത്ലാഅ്’ (Istitlaa) വഴി പൊതുജനങ്ങൾക്ക് ഈ കരട് നിയമത്തിൽ സെപ്റ്റംബർ 10 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. 18 ആർട്ടിക്കിളുകളും (Articles) 10 നിയന്ത്രണ ചട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പുതിയ രൂപരേഖ.
പ്രധാന നിയമങ്ങൾ:
- കുട്ടികളുടെ സംരക്ഷണം: ഫണ്ട് ശേഖരണ പരസ്യങ്ങളിലോ കാമ്പയിനുകളിലോ കുട്ടികളെ ഉപയോഗിക്കാൻ പാടില്ല.
ഗുണഭോക്താക്കളുടെ അന്തസ്സ്: സഹായം സ്വീകരിക്കുന്ന വ്യക്തികളുടെ പാവപ്പെട്ട സാഹചര്യങ്ങളെയോ അവരുടെ പ്രയാസങ്ങളെയോ ചൂഷണം ചെയ്യുന്ന രീതിയിൽ അവരുടെ ചിത്രങ്ങൾ പകര്ത്താനോ പ്രദർശിപ്പിക്കാനോ പാടില്ല.
ഹറമുകളിലെ ചിത്രീകരണം: മക്കയിലെയും മദീനയിലെയും ഇരുഹറമുകളിലോ അവയുടെ മുറ്റങ്ങളിലോ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഫോട്ടോഗ്രാഫിയോ വീഡിയോഗ്രാഫിയോ പാടില്ല. കൂടാതെ, പരസ്യങ്ങൾക്കായി കഅ്ബയുടെയോ ഹറമിന്റെയോ പ്രതീകങ്ങളും ചിത്രങ്ങളും ഉപയോഗിക്കാനും നിരോധനമുണ്ട്.
‘ഡൊണേറ്റ് സേഫ്ലി’ QR കോഡ്: വ്യാജ ഫണ്ട് ശേഖരണങ്ങൾ തടയാൻ, അംഗീകൃത ലൈസൻസുള്ള കാമ്പയിനുകളിൽ ‘ഡൊണേറ്റ് സേഫ്ലി’ (Donate Safely) സേവനത്തിന്റെ QR കോഡ് വ്യക്തമായി പ്രദർശിപ്പിക്കണം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചു: പവിത്രമായ മതഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിച്ചോ, അമിതമായി പെരുപ്പിച്ചു കാട്ടിയോ, ഉറപ്പുള്ള പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്തോ ഉള്ള പരസ്യങ്ങൾ അനുവദിക്കില്ല.
കൃത്യമായ സുതാര്യത: കാമ്പയിനിലൂടെ ലക്ഷ്യമിടുന്ന ആകെ തുക, ഇനി ശേഖരിക്കാനുള്ള തുക, പരസ്യത്തിനായുള്ള ചെലവുകൾ എന്നിവ പരസ്യ പ്രചാരണ വേളയിൽ വെളിപ്പെടുത്തണം.
