ദമാസ്കസ് – സിറിയയിൽ മുൻ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷമുള്ള ആദ്യ സുപ്രധാന വിധിന്യായത്തിൽ, പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശാർ അൽഅസദ്, സഹോദരൻ മാഹിർ അൽഅസദ്, അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാതൃസഹോദരീ പുത്രൻ ആതിഫ് നജീബ് ഉൾപ്പെടെയുള്ള മുതിർന്ന ഭരണകൂട അംഗങ്ങൾക്ക് സിറിയൻ ജുഡീഷ്യറി വധശിക്ഷ വിധിച്ചു. ദമാസ്കസിലെ ഫോർത്ത് ക്രിമിനൽ കോടതിയാണ് ഈ ചരിത്രവിധി പുറപ്പെടുവിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ് കൊലപാതകം, ഒന്നിലധികം ആളുകളെയും 15 വയസ്സിന് താഴെയുള്ള കുട്ടികളെയും മനഃപൂർവ്വം കൊലപ്പെടുത്തൽ, പീഡനം, മരണത്തിൽ കലാശിക്കുന്ന പീഡനം, സ്വാതന്ത്ര്യം ഹനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ബശാർ അൽഅസദിനെതിരെ തെളിഞ്ഞതായി കോടതി ചീഫ് ജസ്റ്റിസ് ഫഖ്റുദ്ദീൻ അൽഅർയാൻ വ്യക്തമാക്കി. ഇവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമായാണ് കോടതി കണക്കാക്കിയത്.
2024 ഡിസംബറിൽ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന് മോസ്കോയിലേക്ക് പലായനം ചെയ്ത ബശാർ അൽഅസദിന്റെയും മാഹിർ അൽഅസദിന്റെയും അസാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. ദർആ ഗവർണറേറ്റിലെ രാഷ്ട്രീയ സുരക്ഷാ വകുപ്പ് ശാഖ തലവനായിരിക്കെ മാനവികക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ആതിഫ് നജീബിന് നേരിട്ട് കോടതിയിൽ ഹാജരാക്കിയാണ് വധശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ കുറ്റങ്ങൾ നിഷേധിച്ച ഇദ്ദേഹം പശ്ചാത്താപമോ മാപ്പപേക്ഷയോ പ്രകടിപ്പിച്ചില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
മുൻ പ്രതിരോധ മന്ത്രി ഫഹദ് ജാസിം അൽഫരീജ്, നാലാം സൈനിക ഡിവിഷൻ മുൻ കമാൻഡർ മാഹിർ അൽഅസദ്, ദർആയിലെ മിലിട്ടറി ഇന്റലിജൻസ് ശാഖ മുൻ തലവൻ ലുഅയ് അൽഅലി ഉൾപ്പെടെ ആറ് മുൻ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർക്കും കോടതി അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്.
വിധി അറിഞ്ഞതിനെത്തുടർന്ന് ദമാസ്കസിലും മറ്റ് സിറിയൻ നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. ജസ്റ്റിസ് പാലസിന് സമീപം തടിച്ചുകൂടിയ ജനങ്ങൾ വിധിന്യായത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ജഡ്ജിമാരെയടക്കം അഭിനന്ദിക്കുകയും ചെയ്തു. അസദിന്റെ കാലത്തെ അതിക്രമങ്ങൾക്ക് ഇരയായവർക്ക് നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന പുതിയ സിറിയൻ അധികാരികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഏപ്രിൽ 26-ന് വിചാരണ നടപടികൾ ആരംഭിച്ചത്. യുദ്ധത്തകർച്ച നേരിടുന്ന രാജ്യത്ത് പരിവർത്തന നീതിയുടെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹവും ആക്ടിവിസ്റ്റുകളും ഇതിനോടകം ഊന്നിപ്പറഞ്ഞിട്ടുണ്ട്
