റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ മുനമ്പിലെ ആയുധനിരോധനം സംബന്ധിച്ച ചരിത്രപരമായ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇതൊരു നാഴികക്കല്ലായ നേട്ടമാണെന്ന് വിശേഷിപ്പിച്ച സൗദി, ട്രംപിന്റെ നേതൃത്വത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു.
കരാറിലെത്തുന്നതിൽ നിരന്തരമായ പരിശ്രമം നടത്തിയ ഈജിപ്ത്, ഖത്തർ, തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, പീസ് കൗൺസിൽ (Peace Council), മറ്റ് പങ്കാളികൾ എന്നിവരോടുള്ള നന്ദി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേഹം അംഗീകരിച്ച സമഗ്ര സമാധാന പദ്ധതി നടപ്പിലാക്കുന്നതിൽ സൗദി അറേബ്യക്കുള്ള പൂർണ്ണ പ്രതിബദ്ധത ആവർത്തിച്ചു. കൃത്യമായ സമയബന്ധിതമായി നിർദ്ദിഷ്ട ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ സേന പൂർണ്ണമായി പിന്മാറുക, അന്താരാഷ്ട്ര നിരീക്ഷണ സേനയെ (International stabilization force) വിന്യസിക്കുക, പാലസ്തീൻ ജനതയ്ക്ക് തടസ്സമില്ലാതെ മാനുഷിക സഹായങ്ങളും പുനരധിവാസ പിന്തുണയും ഉറപ്പാക്കുക എന്നിവയുടെ ആവശ്യകത സൗദി വ്യക്തമാക്കി.
യു.എൻ പ്രമേഹം 2803 അനുസരിച്ച്, പാലസ്തീൻ അതോറിറ്റി ഗാസയിലേക്ക് തിരിച്ചെത്തുന്നതും പാലസ്തീന്റെ പ്രദേശിക അഖണ്ഡത സംരക്ഷിക്കുന്നതും സമാധാന പദ്ധതിയുടെ വിജയത്തിനും ശാശ്വത സ്ഥിരതയ്ക്കും അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പാലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര രാഷ്ട്ര രൂപീകരണവും ഉറപ്പാക്കുന്ന സമഗ്രമായ രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമായി ഈ കരാർ മാറണമെന്ന് സൗദി ഊന്നിപ്പറഞ്ഞു. പരസ്പര അംഗീകാരത്തോടെ പാലസ്തീനും ഇസ്രായേലും സമാധാനപരമായി നിലനിൽക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
സംഘർഷം അവസാനിപ്പിക്കുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സമാധാനവും സുരക്ഷയും കൈവരിക്കാനാകൂ എന്ന് സൗദി അറേബ്യ ആവർത്തിച്ചു.
