റിയാദ്: 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഔദ്യോഗിക ബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഈ കാലയളവിൽ രാജ്യത്തിന് 338.8 ബില്യൺ റിയാൽ യഥാർത്ഥ വരുമാനമായി ലഭിച്ചപ്പോൾ, ആകെ ചെലവ് 373 ബില്യൺ റിയാലിലെത്തി. ഇതനുസരിച്ച് രണ്ടാം പാദത്തിൽ 34.28 ബില്യൺ റിയാലിൻറ ബജറ്റ് കുറവാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടാം പാദത്തിൽ എണ്ണമേഖലയിൽ നിന്നുള്ള വരുമാനം 185.1 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ 151.7 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിൻ്റെ വർധനയാണിത്. അതേസമയം, എണ്ണയിതര മേഖലകളിൽ നിന്നുള്ള വരുമാനം 153.7 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 149.8 ബില്യൺ റിയാലായിരുന്നു (മൂന്ന് ശതമാനം വർധന).
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസങ്ങളിലെ മൊത്തം വരുമാനം 599.7 ബില്യൺ റിയാലും ആകെ ചെലവഴിക്കൽ 759.7 ബില്യൺ റിയാലുമാണ്. ഇതോടെ ആദ്യ പകുതിയിലെ ആകെ സാമ്പത്തിക കമ്മി 160 ബില്യൺ റിയാലിലെത്തി. ആദ്യ ആറു മാസത്തിലെ ആകെ എണ്ണവരുമാനം കഴിഞ്ഞ വർഷത്തെ 301.5 ബില്യൺ റിയാലിൽ നിന്ന് 9 ശതമാനം വർധിച്ച് 329.8 ബില്യൺ റിയാലായി.
എണ്ണയിതര വരുമാനം മുൻവർഷത്തെ 263.6 ബില്യൺ റിയാലിൽ നിന്ന് 2 ശതമാനം വർധിച്ച് 269.9 ബില്യൺ റിയാലിലുമെത്തി.
ആദ്യ ആറു മാസങ്ങളിൽ വിവിധ മേഖലകളിലായി വലിയ രീതിയിലുള്ള തുക വിനിയോഗമാണ് സർക്കാർ നടത്തിയത്. ആരോഗ്യ-സാമൂഹിക വികസന മേഖലയ്ക്കായി 170.6 ബില്യൺ റിയാലും, സൈനിക മേഖലയ്ക്ക് 124.5 ബില്യൺ റിയാലും, വിദ്യാഭ്യാസ മേഖലയ്ക്ക് 109.2 ബില്യൺ റിയാലും ചെലവഴിച്ചു. കൂടാതെ ആഭ്യന്തര സുരക്ഷയ്ക്കും ഭരണപ്രദേശങ്ങൾക്കുമായി 66.8 ബില്യൺ റിയാലും, മുനിസിപ്പൽ സേവനങ്ങൾക്കായി 46.2 ബില്യൺ റിയാലും, പൊതുഭരണത്തിന് 34 ബില്യൺ റിയാലും, അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതത്തിനുമായി 22.4 ബില്യൺ റിയാലും നീക്കിവെച്ചു.
ആദ്യ ആറു മാസത്തിലുണ്ടായ 160 ബില്യൺ റിയാലിൻ്റെ സാമ്പത്തിക കുറവ് പൊതു വായ്പകൾ വഴിയാണ് കണ്ടെത്തിയത്. ആദ്യ പകുതിയുടെ അവസാനത്തിലെ കണക്കുകൾ പ്രകാരം, സർക്കാറിൻെറ പൊതു കരുതൽ ശേഖരവും കറൻറ് അക്കൗണ്ടിലെ തുകയും ഉൾപ്പെടെ ആകെ നീക്കിയിരിപ്പ് 399 ബില്യൺ റിയാലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
