ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ജൂലൈ 29 ബുധനാഴ്ച മുതൽ ആഗസ്റ്റ് 8 വരെ ശക്തമായ പൊടിക്കാറ്റും മണൽക്കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
ബുധനാഴ്ച ആരംഭിക്കുന്ന ഈ പ്രതികൂല കാലാവസ്ഥ അടുത്ത ആഴ്ച അവസാനം വരെ നീണ്ടുനിൽക്കും. മക്കയുടെ കിഴക്കൻ പ്രദേശങ്ങൾ, മദീന, അൽ-ബാഹ, അസീർ തുടങ്ങിയ മേഖലകളെ കാറ്റ് ബാധിക്കും.
ഈ പൊടിക്കാറ്റ് നജ്റാൻ മേഖലയിലേക്കും ജിദ്ദ മുതൽ ജാസാൻ വരെയുള്ള തീരദേശ റോഡിലേക്കും (Coastal road) വ്യാപിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ റോഡുകളിൽ കാഴ്ച പരിധി (Visibility) പൂജ്യത്തിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആഗസ്റ്റ് 8 വരെയുള്ള ദിവസങ്ങളിൽ കാറ്റ് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ വ്യക്തമാക്കുന്ന ആനിമേറ്റഡ് മാപ്പും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
