ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോടും കൂടിയ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജീസാൻ, അസീർ, അൽ ബാഹ, നജ്റാൻ, മക്ക എന്നീ മേഖലകളിൽ കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാം. ഇത് മൂലം ജീസാനിലേക്കുള്ള തീരദേശ റോഡിലും നജ്റാന്റെ കിഴക്കൻ ഭാഗങ്ങളിലും കാഴ്ചപരിധി വൻതോതിൽ കുറയാൻ ഇടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
രാജ്യത്തെ ഉയർന്ന താപനില മക്കയിലും ദമ്മാമിലുമാണ് രേഖപ്പെടുത്താൻ സാധ്യത; ഇവിടെ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം. റിയാദിൽ 43 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അതേസമയം, അന്തരീക്ഷം തണുത്ത അബഹയിലാണ് ഏറ്റവും കുറഞ്ഞ താപനില (29 ഡിഗ്രി സെൽഷ്യസ്) പ്രതീക്ഷിക്കുന്നത്. അബഹയിലും ജീസാനിലും ഇടിമിന്നലോടു കൂടിയ മഴക്കും കനത്ത കാറ്റിനും സാധ്യതയുണ്ട്.
ചെങ്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇവിടെ തിരമാലകൾ രണ്ട് മീറ്ററിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. എന്നാൽ അറേബ്യൻ ഗൾഫ് തീരങ്ങളിൽ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
