റിയാദ്: ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ആശ്വാസമായി മന്ത്രാലയത്തിന്റെ പ്രത്യേക മൂന്ന് മാസത്തെ ഓഫർ സീസൺ പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം. സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാർഷിക ഡിസ്കൗണ്ട് ദിനങ്ങളുടെ കണക്കിനെ ബാധിക്കാത്ത രീതിയിലാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്സിന് അയച്ച സർക്കുലർ പ്രകാരം, 2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഡിസ്കൗണ്ട് സീസൺ പ്രാബല്യത്തിലുണ്ടാകുക. ഈ കാലയളവ് വാർഷിക ഓഫർ പരിധിയിൽ ഉൾപ്പെടുത്തില്ല.
ഓഫർ ലൈസൻസുകൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാമെന്നും, ലൈസൻസുകൾ എളുപ്പത്തിൽ പ്രിന്റ് ചെയ്ത് ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിൽ പ്രദർശിപ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
പ്രൊമോഷണൽ ക്യാമ്പെയ്നുകളുടെ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ സീസണിൽ പങ്കാളികളാകാൻ സ്വകാര്യ മേഖലയോട് ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്സും ആഹ്വാനം ചെയ്തു.
നിലവിലുള്ള നിയമപ്രകാരം, വാണിജ്യ സ്ഥാപനങ്ങൾക്ക് വർഷത്തിൽ പരമാവധി 90 ദിവസത്തേക്ക് വരെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് ഓഫറുകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട്. ഒരു ലൈസൻസിൽ ഭാഗികമായോ പൂർണ്ണമായോ പരമാവധി 45 ദിവസത്തെ ഡിസ്കൗണ്ടുകളാണ് നൽകാൻ സാധിക്കുക.
എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് മാസത്തെ പ്രത്യേക സീസൺ ഈ വാർഷിക പരിധിക്ക് പുറത്തുള്ളതാണെന്നും സ്ഥാപനങ്ങളുടെ സാധാരണ ഡിസ്കൗണ്ട് ദിനങ്ങളിൽ നിന്ന് ഇത് കുറയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
