ജിദ്ദ: നഗരത്തിന്റെ തെക്കൻ, മധ്യ ഭാഗങ്ങളിൽ നടത്തിയ രണ്ട് പരിശോധനകളിൽ വ്യാജ സ്പോർട്സ് ക്ലബ് ലോഗോകളും വാണിജ്യ ട്രേഡ്മാർക്കുകളും പതിപ്പിച്ച 3,699 വ്യാജ വസ്ത്രങ്ങൾ ജിദ്ദ മുൻസിപ്പാലിറ്റി പിടിച്ചെടുത്തു.
വ്യാജ വസ്ത്രങ്ങൾ മുഴുവൻ കണ്ടുകെട്ടി നശിപ്പിച്ചതായും തയ്യൽ, എംബ്രോയ്ഡറി, പ്രിന്റിംഗ്, കട്ടിംഗ് എന്നിവയ്ക്ക് ഉപയോഗിച്ച 19 യന്ത്രങ്ങളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തതായും നെഗറ്റീവ ഫിനോമിന മോണിറ്ററിംഗ് ആൻഡ് അഡ്രസ്സിംഗ് ഡയറക്ടർ ജനറൽ യാസർ ബഖ്ഷ് പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അൽ ജാമിഅഃ മുൻസിപ്പാലിറ്റി ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ, ഒരു റസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ രണ്ട് മുറികൾ വസ്ത്രങ്ങളിൽ വ്യാജ ട്രേഡ് മാർക്കുകൾ തുന്നുന്നതിനും എംബ്രോയ്ഡറി ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതായി ഫീൽഡ് ടീമുകൾ കണ്ടെത്തി. ഈ റെയ്ഡിൽ 1,029 വ്യാജ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
എംബ്രോയ്ഡറി, തയ്യൽ, പ്രിന്റിംഗ്, കട്ടിംഗ് എന്നിവയ്ക്കായി ഉപയോഗിച്ച എട്ട് യന്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി. കൂടാതെ, ബ്രാൻഡ് ലോഗോകൾ ഇല്ലാത്ത 850 വസ്ത്രങ്ങൾ ചാരിറ്റബിൾ ആവശ്യങ്ങൾക്കായി ‘ഇസ്തിദാമ ഫുഡ് പ്രിസർവേഷൻ അസോസിയേഷന്’ സംഭാവന നൽകി.
പിന്നീട് റസിഡൻഷ്യൽ-കമേഴ്സ്യൽ കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിനുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മറ്റൊരു നിർമ്മാണ കേന്ദ്രം കൂടി ഇൻസ്പെക്ടർമാർ കണ്ടെത്തുകയും, അവിടെയുണ്ടായിരുന്ന 2,670 വ്യാജ ബ്രാൻഡഡ് വസ്ത്രങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
അൽ ജാമിഅഃ, അൽ അസീയ്യ മുൻസിപ്പാലിറ്റികളുടെ പിന്തുണയോടെയും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി, ഫീൽഡ് എൻഫോഴ്സ്മെന്റ് ടീമുകൾ എന്നിവരുടെ സഹകരണത്തോടെയുമാണ് പരിശോധനകൾ നടത്തിയത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമൊപ്പം, നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് ജിദ്ദ മുൻസിപ്പാലിറ്റി വ്യക്തമാക്കി.
