GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വമ്പൻ ബിനാമി റെയ്ഡ്; 170 സ്ഥാപനങ്ങൾ പിടിയിൽ

ജിദ്ദ- സൗദി അറേബ്യയിൽ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ ബിനാമിയാണെന്ന് സംശയിക്കുന്ന 170 സ്ഥാപനങ്ങൾ കണ്ടെത്തി. ഏപ്രിൽ മാസത്തിൽ വിവിധ പ്രവിശ്യകളിലായി ആകെ 6,754 സ്ഥാപനങ്ങളിലാണ് അധികൃതർ വിശദമായ പരിശോധന നടത്തിയത്. ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ടയർ കടകൾ, ജ്യൂസ് – പാനീയ വിൽപന കേന്ദ്രങ്ങൾ, ഇൻ്റീരിയർ ഡിസൈൻ സ്ഥാപനങ്ങൾ, സർവീസ് അപ്പാർട്ട്മെൻ്റുകൾ, വർക്ക്ഷോപ്പുകൾ, കഫേകൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കണ്ടെത്തിയ നിയമലംഘനങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

രാജ്യത്തെ നിയമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം കർശന പരിശോധനകൾ തുടരുന്നത്. സൗദിയിലെ ബിനാമി വിരുദ്ധ നിയമപ്രകാരം കുറ്റക്കാർക്ക് കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പ്രധാന ശിക്ഷ. ഇതിനുപുറമെ, കോടതി വിധി വരുന്നതോടെ അനധികൃതമായി സമ്പാദിച്ച പണം കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടച്ചുപൂട്ടുക, കൊമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കുക, ബിസിനസ് നടത്തുന്നതിൽ നിന്ന് സ്വദേശികൾക്ക് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. കുറ്റക്കാരായ വിദേശികളെ നാടുകടത്തുമെന്നും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!