തെഹ്റാൻ – ഇറാൻ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം
തുടരുകയും ഇറാൻ ഭീഷണികൾ കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്‌തതിനിടെ, ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോളുകളിൽ നിന്ന് ഇറാന് ആദ്യ വരുമാനം ലഭിച്ചതായി മുതിർന്ന ഇറാൻ പാർലമെൻ്ററി നേതാവ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ നിന്നുള്ള ആദ്യ വരുമാനം സെൻട്രൽ ബാങ്കിൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റിസ ഹാജി ബാബായി അറിയിച്ചതായി റെവല്യൂഷണറി ഗാർഡിനു കീഴിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ബാബായി നൽകിയില്ല. മറ്റു ഇറാൻ ഏജൻസികളും സമാന വാർത്ത റിപ്പോർട്ട് ചെയ്‌തു. മാർച്ച് 30 ന് ഇറാൻ പാർലമെൻ്റിൻ്റെ ദേശീയ സുരക്ഷാ സമിതി ഹോർമുസിൽ ടോൾ ഏർപ്പെടുത്താനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. എന്നാൽ ഈ നിർദേശം പാർലമെന്റിൽ അന്തിമ വോട്ടെടുപ്പിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല
അതേസമയം, ഏകദേശം 45 ദിവസം മുമ്പ് മാർച്ച് 4 ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ ആരംഭിച്ചതിനുശേഷം 187 കപ്പലുകളും എണ്ണ ടാങ്കറുകളും വിജയകരമായി കടന്നുപോയതായി സ്റ്റാർബോർഡ് ഇന്റലിജൻസും സി.എസ്.ഐ.എസ് സെൻ്ററും പ്രസിദ്ധീകരിച്ച ഷിപ്പിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ പ്രതിദിനം ശരാശരി നാല് കപ്പലുകൾ വീതം മാത്രമാണ് ഹോർമുസിലൂടെ കടന്നുപോയത്. വിജയകരമായി കടലിടുക്ക് കടന്ന കപ്പലുകളിൽ 23 ശതമാനവും ചൈനയിൽ രജിസ്റ്റർ ചെയ്‌തവയാണ്. ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ പ്രഖ്യാപിച്ച ഏപ്രിൽ 17 ന് 13 എണ്ണ ടാങ്കറുകൾ മാത്രമേ കടലിടുക്ക് വഴി കടന്നുപോയിട്ടുള്ളൂവെന്നും ഡാറ്റ കാണിക്കുന്നു. ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും എതിരായ ഉപരോധം അമേരിക്ക തുടരുന്ന കാരണം പറഞ്ഞ് ഏപ്രിൽ 18 ന് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
യുദ്ധത്തിനു മുമ്പ് പ്രതിദിനം 150 ലധികം കപ്പലുകളും എണ്ണ ടാങ്കറുകളും ഹോർമുസിലൂടെ കടന്നുപോയിരുന്നു. ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ സുപ്രധാന ജലപാതയിൽ കപ്പലുകൾക്ക് ടോൾ ചുമത്തുന്നത് അസ്വീകാര്യവും നിയമവിരുദ്ധവുമാണെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹോർമുസിലെ സ്ഥിതി തിരിച്ചുവരില്ലെന്ന് ഇറാൻ ആവർത്തിച്ച് പ്രസ്താവിക്കുകയും ഹുർമുസ് കടലിടുക്ക് കടക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് സൂചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇറാൻ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം നീക്കാതെ കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കുകയും യു.എസ് ആവശ്യങ്ങൾ ചർച്ച ചെയ്ത‌് അംഗീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചത്.
അതേസമയം ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ വ്യക്തമാക്കി. യു.എസ് ജനപ്രതിനിധി സഭയിലെ ആംഡ് സർവീസസ് കമ്മിറ്റി അംഗങ്ങൾക്ക് നൽകിയ രഹസ്യവിവരണത്തിലാണ് പെന്റഗൺ ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ‘ദി വാഷിംഗ്‌ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിച്ചാലും ഈ ജലപാത ദീർഘകാലത്തേക്ക് സ്‌തംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷം അവസാനിക്കാതെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ കഴിയില്ലെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് ഈ വർഷാവസാനം വരെയോ അതിലധികമോ നീണ്ടുനിൽക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
ചെറിയ ബോട്ടുകൾ ഉപയോഗിച്ചാണ് ഇറാൻ കടലിടുക്കിൽ മൈനുകൾ വിന്യസിച്ചിരിക്കുന്നത്. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും റിമോട്ട് വഴി നിയന്ത്രിക്കാവുന്നതുമായ ഫ്ലോട്ടിംഗ് മൈനുകളാണ് ഇവയെന്നത് യു.എസ് സേനയ്ക്ക് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയർത്തുന്നത്. അതീവ അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവ കണ്ടെത്തി നശിപ്പിക്കുന്നത് അത്ര എളുപ്പമാകില്ല. എന്നാൽ, മൈനുകൾ നീക്കം ചെയ്യാൻ എടുക്കുന്ന സമയത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും കൃത്യമല്ലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പിന്നീട് പ്രതികരിച്ചു. അതേസമയം, ഹുർമുസ് കടലിടുക്കിലെ സ്‌തംഭനത്തെക്കുറിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ നേതാക്കൾ വലിയ നിരാശ പ്രകടിപ്പിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനിടെ ഈ പ്രതിസന്ധി അമേരിക്കൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഗതാഗത തടസ്സം കാരണം അമേരിക്കയിൽ പെട്രോൾ വില ഗാലണിന് 4 ഡോളർ കടന്നു. യുദ്ധത്തോടുള്ള ജനങ്ങളുടെ താൽപ്പര്യക്കുറവും വിദേശ സൈനിക ഇടപെടലുകൾ ഒഴിവാക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പ്രസിഡന്റ് ട്രംപിന് വോട്ടർമാർക്കിടയിലുള്ള സ്വാധീനം കുറയുന്നതും വൈറ്റ് ഹൗസിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക നിലയെയും ജനപ്രീതിയെയും ഒരുപോലെ ബാധിക്കുന്ന രീതിയിലേക്കാണ് ഹോർമുസിലെ കാര്യങ്ങൾ നീങ്ങുന്നത്.



















Leave a Reply